
പരിക്കിൽ നിന്ന് മടങ്ങിയെത്തിയ സൂപ്പർ താരം ലയണൽ മെസിയുടെ പ്രകടനത്തിൽ ഇൻ്റർ മിയാമിക്ക് മിന്നും ജയം. എം.എൽ.എസ്സിൽ ലോസ് ഏഞ്ചൽസ് ഗാലക്സിക്കെതിരെ 3-1നാണ് ഇൻ്റർ മിയാമി വിജയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മെസി രണ്ടാം പകുതിയിലാണ് കളത്തിലിറങ്ങിയത്. ടീമിനായി മെസിക്ക് പുറമേ സുവാരസും ജോർഡി ആൽബയും ഗോൾ നേടി.
മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ജോർഡി ആൽബ നേടിയ ഗോളിൽ ഇൻ്റർ മിയാമി മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ജോസഫ് പെയ്ൻസിൽ ലോസ് ഏഞ്ചൽസ് ഗാലക്സിക്കായി സമനില ഗോൾ നേടി. പിന്നാലെയാണ് കളിയുടെ ഗതി മാറ്റിക്കൊണ്ട് മെസി കളത്തിലിറങ്ങിയത്. 84-ാം മിനിറ്റിൽ പ്രതിരോധതാരങ്ങളെ മറികടന്ന് മെസി മിയാമിയുടെ ലീഡ് ഉയർത്തി. അഞ്ച് മിനിറ്റിന് ശേഷം ലൂയിസ് സുവാരസിന് ഒരു മനോഹരമായ ബാക്ക് ഹീൽ പാസ് നൽകി മെസി വിജയമുറപ്പിച്ചു. സുവാരസിൻ്റെ ഈ സീസണിലെ ആറാം ലീഗ് ഗോളായിരുന്നു ഇത്.
കഴിഞ്ഞ മത്സരത്തിൽ ഓർലാൻഡോ സിറ്റിയോട് 4-1ന് തോറ്റ ടീമിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ മിയാമിക്ക് ഈ ജയം സഹായിച്ചു. അതേസമയം, കഴിഞ്ഞ വർഷം എം.എൽ.എസ്. കപ്പ് നേടിയ ലോസ് ഏഞ്ചൽസ് ഗാലക്സിയുടെ മോശം പ്രകടനം തുടരുകയാണ്.