
21.83 ലക്ഷം രൂപക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ജനാലകള്‍ മാറ്റുന്നു! സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് നവീകരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ചെലവുകൾക്ക് കുറവില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിന്റെ ജനാലകൾ മാറ്റി സ്ഥാപിക്കുന്നതിനായി 21.83 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്ന ലൈഫ് മിഷൻ പദ്ധതി പ്രകാരം അഞ്ചോളം വീടുകൾ നിർമ്മിക്കാൻ പര്യാപ്തമാണ് ഈ തുകയെന്നത് ഇതിനോടകം വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നോർത്ത് ബ്ലോക്കിന്റെ മുൻവശത്തും ഇരുവശങ്ങളിലുമുള്ള പഴയ ജനാലകൾ പൂർണ്ണമായി മാറ്റി പുതിയവ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട സിവിൽ ജോലികൾ നിർവഹിക്കുന്നതിനാണ് 21,83,000 രൂപയ്ക്ക് ഭരണാനുമതി നൽകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് സർക്കാർ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ബ്ലോക്കുകളിലൊന്നാണ് നോർത്ത് ബ്ലോക്ക്. സുരക്ഷയും കെട്ടിടത്തിന്റെ ഭംഗിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നവീകരണമെന്നാണ് വിശദീകരണം. എന്നാൽ, സർക്കാരിന്റെ മുൻഗണനകൾ സാധാരണക്കാരന്റെ ആവശ്യങ്ങൾക്കൊപ്പമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ലക്ഷങ്ങൾ മുടക്കി ജനാലകൾ മോടിപിടിപ്പിക്കുമ്പോൾ സ്വന്തമായി ഒരു കൂരയില്ലാത്ത ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്ത് സഹായം കാത്തിരിക്കുന്നുണ്ടെന്ന വസ്തുത പലരും ചൂണ്ടിക്കാണിക്കുന്നു.
