IndiaNews

‘വോട്ട് കൊള്ള’ ആരോപണം അടിസ്ഥാനരഹിതം; ഇന്ത്യൻ വോട്ടറെ അപമാനിക്കരുത്, ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ സമഗ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഉയർന്ന ‘വോട്ട് കൊള്ള’ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും കമ്മീഷന് ഒരുപോലെയാണെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് രാജ്യത്തെ കോടിക്കണക്കിന് വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പേരെടുത്തു പറയാതെയായിരുന്നു കമ്മീഷന്റെ ശക്തമായ മറുപടി.

“തിരഞ്ഞെടുപ്പ് കമ്മീഷന്റെ തോളിൽ തോക്ക് വെച്ച് ഇന്ത്യൻ വോട്ടർമാരെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയം അനുവദിക്കാനാവില്ല. അത്തരം വ്യാജ ആരോപണങ്ങളെ കമ്മീഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ല. ദരിദ്രരെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, എല്ലാ വിഭാഗം വോട്ടർമാർക്കൊപ്പവും കമ്മീഷൻ പാറപോലെ ഉറച്ചുനിൽക്കും,” ഗ്യാനേഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ പൂർണ്ണമായും സുതാര്യമായിരുന്നുവെന്ന് കമ്മീഷൻ ഊന്നിപ്പറഞ്ഞു. “വോട്ടർ പട്ടികയിലെ പോരായ്മകൾ തിരുത്തണമെന്നത് വർഷങ്ങളായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഉന്നയിക്കുന്ന ആവശ്യമാണ്. ഇത് പരിഗണിച്ചാണ് ബിഹാറിൽ എസ്ഐആർ നടപ്പാക്കിയത്. 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) വീടുകൾ സന്ദർശിച്ച് തയ്യാറാക്കിയ കരട് പട്ടിക, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. താഴെത്തട്ടിൽ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാരും ബൂത്ത് ലെവൽ ഓഫീസർമാരും ഒരുമിച്ച് സുതാര്യമായി പ്രവർത്തിക്കുന്നു. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ പാർട്ടികളുടെ സംസ്ഥാന-ദേശീയ നേതാക്കളിലേക്ക് എത്തുന്നില്ലെന്നോ, അല്ലെങ്കിൽ അവർ ബോധപൂർവം അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നോ ഉള്ളത് ആശങ്കാജനകമാണ്,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കുറ്റപ്പെടുത്തി.

വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിയെയും കമ്മീഷൻ വിമർശിച്ചു. “ഏതാനും ദിവസങ്ങൾക്ക് മുൻപ്, നമ്മുടെ അമ്മമാരും സഹോദരിമാരുമടക്കമുള്ള നിരവധി വോട്ടർമാരുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച് അവരെ അപമാനിക്കുന്നത് നമ്മൾ കണ്ടു. വോട്ടർമാരുടെ സിസിടിവി ദൃശ്യങ്ങൾ കമ്മീഷൻ പുറത്തുവിടണമെന്നാണോ ഇവർ ആവശ്യപ്പെടുന്നത്? ഇത് അംഗീകരിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.

ഒരു കോടിയിലധികം ഉദ്യോഗസ്ഥരും 20 ലക്ഷത്തിലധികം പോളിംഗ് ഏജന്റുമാരും പങ്കാളികളാകുന്ന അതീവ സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ട് മോഷ്ടിക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്നും കമ്മീഷൻ ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസത്തിനുള്ളിൽ കോടതിയെ സമീപിക്കാൻ നിയമപരമായ അവകാശമുണ്ട്. ആ സമയത്തൊന്നും ഉന്നയിക്കാത്ത ആരോപണങ്ങൾ മാസങ്ങൾക്ക് ശേഷം ഉയർത്തിക്കൊണ്ടുവരുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്നും കമ്മീഷൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ബിഹാറിലെ ഏഴ് കോടിയിലധികം വോട്ടർമാർ കമ്മീഷനൊപ്പം നിൽക്കുമ്പോൾ, അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും ഗ്യാനേഷ് കുമാർ കൂട്ടിച്ചേർത്തു.