News

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പൂരംകലക്കലും വ്യാജവോട്ടും ആസൂത്രിതം? തിരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന് LDF, UDF

തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സംഭവിച്ച അട്ടിമറിക്ക് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ആസൂത്രിത ഗൂഢാലോചനയെന്ന നിഗമനത്തിലേക്ക് എൽഡിഎഫും യുഡിഎഫും. വോട്ടർ പട്ടികയിൽ വ്യാപകമായി വ്യാജവോട്ടുകൾ ചേർത്തതും തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതും ഒരേ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നാണ് ഇരുമുന്നണികളുടെയും അന്വേഷണത്തിൽ തെളിയുന്നത്. ബൂത്ത് ലെവൽ ഓഫീസർമാരിൽ (ബിഎൽഒ) നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളും തിരഞ്ഞെടുപ്പ് കാലത്തുണ്ടായ അസ്വാഭാവിക ഉദ്യോഗസ്ഥ ഇടപെടലുകളുമാണ് ഈ സംശയങ്ങൾക്ക് ബലം നൽകുന്നത്.

വ്യാജവോട്ട്: എതിർത്ത ബിഎൽഒയെ തെറിപ്പിച്ചു

തൃശ്ശൂർ നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് വ്യാജവോട്ടുകൾ ചേർത്തുവെന്നായിരുന്നു പ്രധാന ആരോപണം. ഇവിടെ താമസക്കാരല്ലാത്തവരുടെ പേരുകൾ കൂട്ടത്തോടെ ചേർത്തപ്പോൾ, അത് ചെയ്യാൻ വിസമ്മതിച്ച ഒരു വനിതാ ബിഎൽഒയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. “അപേക്ഷിച്ച എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം” എന്ന് ചില ബിഎൽഒമാർ രഹസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ വിവരം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ലഭിച്ച യുഡിഎഫിലെ ടി.എൻ. പ്രതാപനും എൽഡിഎഫിലെ കെ.പി. രാജേന്ദ്രനും അന്നത്തെ ജില്ലാ വരണാധികാരി വി.ആർ. കൃഷ്ണതേജയ്ക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികൾ അവഗണിക്കപ്പെട്ടു.

പൂരം കലക്കൽ ‘തിരക്കഥ’

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് പുതിയ ആരോപണങ്ങൾ ബലപ്പെടുന്നു. അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ ഇടപെടലുകളും സ്ഥലത്തുണ്ടായിരുന്ന എഡിജിപിയുടെ പങ്കും ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരുന്നു. പൂരം അലങ്കോലപ്പെട്ടപ്പോൾ ആദ്യം ഓടിയെത്തിയത് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയായിരുന്നു. ഇത് മുൻകൂട്ടി തയ്യാറാക്കിയ ഒരു ‘തിരക്കഥ’യുടെ ഭാഗമായിരുന്നോ എന്നാണ് ഇപ്പോൾ പ്രധാനമായും ഉയരുന്ന സംശയം.

വ്യാജവോട്ടുകളിലൂടെയും പൂരത്തിലെ വൈകാരികമായ ഇടപെടലിലൂടെയും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഉന്നതതലത്തിൽ തന്നെ ഗൂഢാലോചന നടന്നുവെന്ന നിഗമനത്തിലാണ് ഇരുമുന്നണികളും.