CinemaNews

സർക്കാർ ഉത്തരവിന് പുല്ല് വില! ദേശിയ പുരസ്കാര ജേതാവ് പ്രദീപ് കുമാറിൻ്റെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി നൽകിയില്ല

തിരുവനന്തപുരം: 2023-ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ്‌കുമാറിന്റെ സംസ്‌കാരത്തിന് സർക്കാർ ഉത്തരവുണ്ടായിട്ടും ഔദ്യോഗിക ബഹുമതികൾ നൽകിയില്ലെന്ന് പരാതി. ഔദ്യോഗിക ബഹുമതികളില്ലാതെ മകൻ അഭിഷേക് അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.

​പ്രദീപ്‌കുമാറിന്റെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രദീപ്‌കുമാർ വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മരണത്തിൽ ആദരസൂചകമായി, ശാന്തികവാടത്തിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ബ്യൂഗിൾ സല്യൂട്ട് അടക്കമുള്ള പൊലീസ് ബഹുമതികൾ നൽകണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് കളക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയിരുന്നു. കൂടാതെ, മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടി റീത്ത് സമർപ്പിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.

​എന്നാൽ, സംസ്കാര സമയം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരാരും ഔദ്യോഗിക ബഹുമതി നൽകാനോ മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമർപ്പിക്കാനോ എത്തിയില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. അധികൃതരെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ഈ വിഷയത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

​ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി പ്രദീപ്‌കുമാർ സംവിധാനം ചെയ്ത ‘വേനൽ പെയ്ത‌ ചാറ്റുമഴ’ എന്ന ഡോക്യുമെന്ററിക്ക് 2019-ൽ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. 2023-ൽ ‘മൂന്നാംവളവ്’ എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.