
ആലൂ ടിക്കിയിലും ചട്‌നിയിലും കഞ്ചാവ് മസാല; ലക്നൗവിൽ സ്പെഷ്യൽ വിഭവം വിറ്റ വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത. വഴിയോരത്ത് വിൽക്കുന്ന ആലൂ ടിക്കിയിലും ഒപ്പം നൽകുന്ന ചട്‌നിയിലും കഞ്ചാവ് കലർത്തി വിറ്റ കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്വസ്തരായ ചില ഉപഭോക്താക്കൾക്ക് വേണ്ടിയായിരുന്നു ഇയാൾ ഈ ‘സ്പെഷ്യൽ’ വിഭവം തയ്യാറാക്കിയിരുന്നത്. ഇതോടൊപ്പം, സ്കൂൾ ബാഗുകളിൽ കഞ്ചാവ് കടത്തിയിരുന്ന മൂന്നംഗ സംഘവും പൊലീസിന്റെ പിടിയിലായി.
മോഹൻലാൽഗഞ്ച് ഏരിയയിലെ വഴിയോരത്ത് തട്ടുകട നടത്തുന്ന പ്രമോദ് സാഹു (42) എന്നയാളാണ് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തി വിറ്റതിന് അറസ്റ്റിലായത്. ആലൂ ടിക്കി, പുഴുങ്ങിയ മുട്ട തുടങ്ങിയവ വിൽക്കുന്ന ഇയാളുടെ കടയിൽ ചില ‘പ്രത്യേക’ ആവശ്യക്കാർ എത്താറുണ്ടായിരുന്നു. ഇവർക്ക് വേണ്ടിയാണ് ഭക്ഷണത്തിലും ചട്‌നിയിലും കഞ്ചാവ് പൊടിച്ച് ചേർത്തുകൊണ്ടിരുന്നത്.
ഇതിനുപുറമെ, ആവശ്യക്കാർക്ക് ചെറിയ പൊതികളിലാക്കി കഞ്ചാവ് നേരിട്ട് വിൽപന നടത്തിയതായും പൊലീസ് കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
അതേദിവസം തന്നെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്ന മൂന്നംഗ സംഘത്തെയും പൊലീസ് പിടികൂടി. മനീഷ് യാദവ് (26), ദേവ് റാവത്ത് (28), ജഗ്ദീപ് യാദവ് (43) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ സ്കൂൾ ബാഗുകളിലായിരുന്നു ഇവർ കഞ്ചാവ് കടത്തിയിരുന്നത്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, സ്കൂൾ-കോളേജ് പരിസരങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന. 500 രൂപ മുതൽ 1200 രൂപ വരെ വിലവരുന്ന ചെറിയ പൊതികളിലാക്കിയായിരുന്നു കഞ്ചാവ് വിറ്റിരുന്നത്. ദിനവും നടക്കുന്ന വാഹനപരിശോധനയ്ക്കിടെ ഒരു ഇ-റിക്ഷയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 4.7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നാല് പ്രതികളെയും കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചതായി അസിസ്റ്റന്റ് കമ്മീഷണർ രജനീഷ് വർമ്മ അറിയിച്ചു.