NewsPolitics

പിണറായി യുഗത്തിന് തിരശീല വീഴുന്നു: ഭരണവിരുദ്ധ വികാരം ആളിക്കത്തുന്നു; ഭരണമാറ്റം ഉറപ്പിച്ച് കേരളം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തുടർഭരണം നേടി അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാരിന് തിരിച്ചടികളുടെ ഘോഷയാത്ര. അധികാരത്തിലേറി ആറ് മാസം തികയും മുൻപേ ജനങ്ങളെ മുഴുവൻ വെറുപ്പിച്ച ഭരണകൂടം, ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പിണറായി വിരുദ്ധ വികാരവും സംസ്ഥാനത്ത് ആളിക്കത്തുകയാണ്. മറുവശത്ത്, 2021-ലെ കനത്ത പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു.

പിണറായി സർക്കാരിന്റെ ആദ്യ അഗ്നിപരീക്ഷ അനുപമ എന്ന യുവതിയുടെ പോരാട്ടമായിരുന്നു. സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ വേണ്ടി ഒരു അമ്മ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ ഭരണ സംവിധാനങ്ങൾ മുട്ടുമടക്കി. ഭരണകൂടം കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റാൻ ശ്രമിച്ചപ്പോൾ, മാധ്യമങ്ങളും പ്രതിപക്ഷവും അനുപമക്ക് പിന്തുണ നൽകി. ഒടുവിൽ, അമ്മയുടെ പോരാട്ടം വിജയിച്ചു.

അതിന് തൊട്ടുപിന്നാലെയാണ് 2 ലക്ഷം കോടി രൂപയുടെ സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ എത്തിയത്. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മഞ്ഞക്കുറ്റികൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ നടത്തിയ നീക്കം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. തടയാൻ ശ്രമിച്ചവരെ നിഷ്ഠൂരമായി മർദ്ദിച്ചു. എന്നാൽ, പ്രതിപക്ഷം ജനങ്ങൾക്കൊപ്പം പാറപോലെ ഉറച്ചുനിന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ‘കെ റെയിൽ വരും കേട്ടോ’ എന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ജനം വോട്ടിലൂടെ മറുപടി നൽകി. ഉമ തോമസിന് റെക്കോർഡ് ഭൂരിപക്ഷം നൽകി ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്ന് തരിപ്പണമായതോടെ സിൽവർ ലൈൻ പദ്ധതി തൽക്കാലം പൂട്ടി.

ഇനി സർക്കാരിന് മുന്നിൽ എട്ട് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് നാല് മാസങ്ങൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പും. ചുരുങ്ങിയത് നാല് മാസമെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ, നയപരമായ തീരുമാനമെടുക്കാൻ പരമാവധി നാല് മാസമേ ഭരണകൂടത്തിന് ലഭിക്കൂ.

ഇതിനിടെ, പ്രതിപക്ഷത്ത് പുത്തനുണർവ് പ്രകടമാണ്. വി.ഡി. സതീശന്റെ ഇലക്ഷൻ മാനേജ്‌മെന്റ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. അൻവർ രാജിവച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവറിനെ പുറത്തുനിർത്തിക്കൊണ്ട് യുഡിഎഫ് നടത്തിയ പോരാട്ടം ചരിത്ര വിജയത്തിൽ കലാശിച്ചു. അൻവറിനോടും സിപിഎമ്മിനോടും ഒരേ സമയം ഏറ്റുമുട്ടി നേടിയ ഈ വിജയം സതീശന്റെ രാഷ്ട്രീയ ഗ്രാഫ് കുതിച്ചുയർത്താൻ സഹായിച്ചു.

ഭരണവിരുദ്ധ വികാരത്തിന് പുറമെ, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വ്യക്തിപരമായ വികാരവും സംസ്ഥാനത്ത് ശക്തമാണ്. മകൾ വീണ വിജയന്റെ മാസപ്പടി വിവാദം കേരളത്തിലെ മുക്കിലും മൂലയിലും ചർച്ചയാകുന്നു. മരുമകൻ മുഹമ്മദ് റിയാസ് മന്ത്രിയായ ശേഷം ഭരണം നിയന്ത്രിക്കുന്നത് അദ്ദേഹമാണെന്നുള്ള ആരോപണങ്ങളും ശക്തമാണ്. അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത എന്നിവയാണ് സർക്കാരിന്റെ മുഖമുദ്ര. വൈദ്യുതി, വെള്ളം, ബസ് ചാർജ്, ഭൂനികുതി, മോട്ടോർ വാഹന നികുതി തുടങ്ങി എല്ലാ സേവനങ്ങൾക്കും കുത്തനെ വില വർദ്ധിപ്പിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒറ്റ ബജറ്റിൽ മാത്രം 6000 കോടി രൂപയുടെ അധിക നികുതി ഭാരം അടിച്ചേൽപ്പിച്ചു. ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവച്ചതോടെ ജീവനക്കാരും പെൻഷൻകാരും സർക്കാരിനെ പൂർണമായും കൈവിട്ടു.

നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകർന്നതും, ദേശീയപാത നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങളും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അബദ്ധങ്ങളും അഹന്തയും പൊതുജനങ്ങളെ കൂടുതൽ അകറ്റി. മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനം പാളിയതോടെ കായിക പ്രേമികളും സർക്കാരിനെതിരായി. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും എൽഡിഎഫിന് ബാധ്യതയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രണ്ടാം പിണറായി സർക്കാരിന്റെ ഈ പ്രതിസന്ധികൾക്കിടയിൽ പിണറായി യുഗത്തിന് തിരശീല വീഴുന്നുവെന്ന് വ്യക്തം.