
ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ പഴുതടച്ച സുരക്ഷ; വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വർഷം സ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തവണ പഴുതടച്ചുള്ള മുന്നൊരുക്കങ്ങൾ. ഓഗസ്റ്റ് 18-ന് ഒന്നാം പാദ വാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ആരംഭിക്കാനിരിക്കെയാണ് ചോദ്യപേപ്പറുകളുടെ സുരക്ഷ, വിതരണം, സൂക്ഷിക്കൽ എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്.
ഹെഡ്മാസ്റ്റർമാർക്കും, ജില്ലാ, ബി.ആർ.സി തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും പ്രത്യേക ചുമതലകളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ ഒറ്റനോട്ടത്തിൽ
പ്രധാനാധ്യാപകർക്ക്:
- ബി.ആർ.സി.കളിൽ നിന്ന് ഇൻഡന്റ് പ്രകാരമുള്ള ചോദ്യപേപ്പറുകൾ കൃത്യമായി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
- ചോദ്യപേപ്പറുകൾ അതീവ രഹസ്യസ്വഭാവത്തോടെ സ്കൂളിൽ സുരക്ഷിതമായി സൂക്ഷിക്കണം.
- പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിക്കാൻ പാടുള്ളൂ.
- കവർ പൊട്ടിക്കുമ്പോൾ ഹെഡ്മാസ്റ്റർ, പരീക്ഷാ ചുമതലയുള്ള അധ്യാപകൻ, രണ്ട് വിദ്യാർത്ഥികൾ എന്നിവരുടെ ഒപ്പും തീയതിയും സമയവും രേഖപ്പെടുത്തണം.
ജില്ലാ, ബിആർസി തലത്തിൽ:
- ചോദ്യപേപ്പർ വിതരണത്തിനും ഏകോപനത്തിനും മൂന്നംഗ പരീക്ഷാ സെൽ രൂപീകരിക്കണം.
- ബി.പി.സിമാർ (ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ) സി-ആപ്റ്റിൽ നിന്ന് ചോദ്യപേപ്പറുകൾ നേരിട്ട് ഏറ്റുവാങ്ങണം.
- പാക്കറ്റുകൾക്ക് കേടുപാടുകളോ ചോർച്ചയോ ഉണ്ടെങ്കിൽ ഉടൻ ജില്ലാ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
- ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന മുറികൾ/അലമാരകൾ പരീക്ഷ കഴിയുന്നതുവരെ സീൽ ചെയ്ത് സൂക്ഷിക്കുകയും, ഇത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സമയം പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം.
കഴിഞ്ഞ വർഷത്തെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനുമാണ് ഇത്തവണത്തെ കർശന നടപടികളെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.