
തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് അവധിയില്ല; തദ്ദേശ തിരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കൽ പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് ഓഗസ്റ്റ് 30 വരെ അവധി റദ്ദാക്കി. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കൊഴികെ മറ്റ് അവധികൾ അനുവദിക്കരുതെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകി.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനുമായി ലഭിച്ച അപേക്ഷകളിലും പരാതികളിലും തീർപ്പ് കൽപ്പിച്ച്, ഓഗസ്റ്റ് 30-നകം അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും ജോലിക്ക് ഹാജരാകേണ്ടി വരും.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണ് കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കൽ. പ്രവർത്തനങ്ങളുടെ പുരോഗതി തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് വിലയിരുത്തുന്നുണ്ട്.