
ഫയൽ തീർപ്പാക്കൽ യജ്ഞം: റവന്യു വകുപ്പ് ഏറ്റവും പിന്നിൽ; ഓഗസ്റ്റ് 31നകം ലക്ഷ്യം കാണുമോ?
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഫയൽ കുരുക്കഴിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഫയല്‍ അദാലത്ത്’ യജ്ഞം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള റവന്യു വകുപ്പ് ബഹുദൂരം പിന്നിൽ. ഓഗസ്റ്റ് 31-ന് അവസാനിക്കുന്ന കർമ്മപദ്ധതിയിൽ, ഓഗസ്റ്റ് 14 വരെയുള്ള കണക്കുകൾ പ്രകാരം സെക്രട്ടേറിയറ്റ് തലത്തിൽ വെറും 16.21% ഫയലുകൾ മാത്രമാണ് റവന്യു വകുപ്പ് തീർപ്പാക്കിയത്.
ഇനി 16 ദിവസങ്ങൾ മാത്രം ശേഷിക്കെ, ലക്ഷ്യം കൈവരിക്കാൻ വകുപ്പുകൾ നടത്തുന്ന നെട്ടോട്ടം നിർണ്ണായകമാകും. സർക്കാർ തലത്തിൽ ദൈനംദിന പുരോഗതി വിലയിരുത്തുന്നുണ്ട്.
സെക്രട്ടേറിയറ്റ് വിഭാഗത്തിലെ 46 വകുപ്പുകളിൽ ഏറ്റവും അവസാന സ്ഥാനത്താണ് റവന്യു വകുപ്പ്. ഡയറക്ടറേറ്റ് തലത്തിൽ റവന്യൂവിന് കീഴിലുള്ള ലാൻഡ് റവന്യു കമ്മീഷണറേറ്റ് 18.25 ശതമാനവുമായി അവിടെയും ഏറ്റവും പിന്നിലാണ്.
അതേസമയം, സെക്രട്ടേറിയറ്റ് തലത്തിൽ പ്രവാസികാര്യം (66.37%), പൊതുഭരണം (59.90%), വിജിലൻസ് (56.82%), ആസൂത്രണ-സാമ്പത്തികകാര്യം (55.81%), ഗതാഗതം (55.46%) എന്നീ വകുപ്പുകളാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. എന്നാൽ, ഒരു വകുപ്പിനും 70 ശതമാനം എന്ന നാഴികക്കല്ല് പിന്നിടാനായിട്ടില്ല.
ഡയറക്ടറേറ്റ് തലത്തിൽ സ്ഥിതി വ്യത്യസ്തമാണ്. പല വകുപ്പുകളും 80 ശതമാനത്തിന് മുകളിൽ ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം (85.84%), പൊതുമരാമത്ത് (ഡിസൈൻ വിഭാഗം – 84.75), ഹാർബർ എഞ്ചിനീയറിംഗ് (83.88), ട്രഷറി (82.22) എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയ ഡയറക്ടറേറ്റുകൾ.
ലക്ഷക്കണക്കിന് ഫയലുകളിൽ തീർപ്പുകൽപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ യജ്ഞത്തിൽ റവന്യു വകുപ്പിന്റെ മെല്ലെപ്പോക്ക് സർക്കാരിനും പൊതുജനങ്ങൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ്.