
നവീൻ ബാബു കൈക്കൂലി വാങ്ങി, തെളിവുണ്ട്; പുനരന്വേഷണം വേണ്ടെന്ന് പൊലീസ് കോടതിയിൽ
കണ്ണൂർ: കണ്ണൂർ മുൻ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയെ ശക്തമായി എതിർത്ത് പൊലീസ്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും, അതിനാൽ പുനരന്വേഷണം ആവശ്യമില്ലെന്നും പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
കേസിൽ സമഗ്രമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും, അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ തള്ളിയതാണെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് കുടുംബം ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, ഈ കുറ്റപത്രം പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകളുള്ളതാണെന്നും, പൊലീസ് ബോധപൂർവം ചില നിർണ്ണായക മൊഴികൾ രേഖപ്പെടുത്തിയില്ലെന്നും ആരോപിച്ച് നവീൻ ബാബുവിന്റെ ഭാര്യയാണ് 13 പിഴവുകൾ ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതിയിൽ പുനരന്വേഷണത്തിനായി പുതിയ ഹർജി നൽകിയത്
കുടുംബത്തിന്റെ വാദങ്ങളെ പൂർണ്ണമായി തള്ളുന്നതാണ് പൊലീസിന്റെ റിപ്പോർട്ട്. ചില മൊഴികൾ ഒഴിവാക്കിയെന്ന വാദം തെറ്റാണ്. നവീൻ ബാബുവിനെതിരായ ജില്ലാ കളക്ടറുടെ മൊഴി ഉൾപ്പെടെ കേസിൽ നിർണ്ണായകമായ തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയ കേസിൽ ഇനിയൊരു പുനരന്വേഷണം ആവശ്യമില്ലെന്നും അതിനാൽ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്നുമാണ് പൊലീസിന്റെ ആവശ്യം.