IndiaNews

അടുത്ത ഉപരാഷ്ട്രപതി ആരിഫ് മുഹമ്മദ് ഖാനോ? ബിജെപിയുടെ സാധ്യതാ പട്ടികയിൽ പ്രമുഖർ; ചരടുവലികൾ സജീവം

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ അപ്രതീക്ഷിതമായി രാജിവെച്ച ഒഴിവിലേക്ക് പുതിയ അമരക്കാരനെ കണ്ടെത്താൻ ബിജെപിയിൽ ചർച്ചകൾ സജീവമായി. സെപ്റ്റംബർ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേരിന് പ്രഥമ പരിഗണന. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും പട്ടികയിലുണ്ട്.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 21-നാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. എന്നാൽ, കേന്ദ്രസർക്കാരുമായിയുണ്ടായ അഭിപ്രായ ഭിന്നതകളും വിശ്വാസ്യത നഷ്ടപ്പെട്ടതുമാണ് രാജിക്ക് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുന്ന വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പം നിൽക്കാൻ ധൻഖർ വിസമ്മതിച്ചതാണ് ഭിന്നത രൂക്ഷമാക്കിയത്. ഈ സാഹചര്യത്തിൽ, പാർട്ടിയോടും ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടും പൂർണ്ണമായി കൂറുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ആരിഫ് മുഹമ്മദ് ഖാനും വി.കെ. സക്സേനയ്ക്കും പുറമെ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓം മാഥൂർ, ആർഎസ്എസ് സൈദ്ധാന്തികൻ ശേഷാദ്രി ചാരി എന്നിവരുടെ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിന്റെ പേരും ചർച്ചയിലുണ്ട്.

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നിലവിലെ അംഗബലം അനുസരിച്ച് എൻഡിഎ സ്ഥാനാർത്ഥിക്ക് അനായാസം വിജയിക്കാനാകും. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയെയും ആണ് എൻഡിഎ ചുമതലപ്പെടുത്തിയിരിക്കുന്നത്.