
ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ മാറ്റങ്ങൾ വരുന്നു. നിലവിലെ 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് സ്ലാബുകൾക്ക് പകരം ‘സ്റ്റാൻഡേർഡ്’, ‘മെറിറ്റ്’ എന്നിങ്ങനെ രണ്ട് പ്രധാന നിരക്കുകളുള്ള പുതിയ ഘടന കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശിച്ചു. തിരഞ്ഞെടുത്ത ഏതാനും ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നിരക്കുകളും ഉണ്ടാകും. ഈ സാമ്പത്തിക വർഷം തന്നെ “അടുത്ത തലമുറ” ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ നികുതി ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ജിഎസ്ടി നടപ്പാക്കിയപ്പോൾ കോൺഗ്രസ് ഉന്നയിച്ച ഏറ്റവും പ്രധാന ആക്ഷേപം നാല് തരം നികുതി സ്ലാബുകൾ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നതായിരുന്നു. വിലക്കയറ്റത്തിലൂടെ സാധാരണക്കാർക്കും, സങ്കീർണ്ണമായ നടത്തിപ്പിലൂടെ വ്യാപാരികൾക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. രാഹുൽ ഗാന്ധി പാർലമെന്റിനകത്തും പുറത്തും ഇതിനെതിരെ നിരന്തരം പോരാടിയിരുന്നു.
എട്ട് വർഷങ്ങൾക്ക് ശേഷം ജിഎസ്ടി ഘടന ലളിതമാക്കാൻ മോദി സർക്കാർ നിർബന്ധിതരായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശം അന്നേ സ്വികരിച്ചിരുന്നുവെങ്കിൽ രാജ്യം നികുതി രംഗത്ത് കൂടുതൽ മുന്നോട്ട് പോകുമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു.