IndiaNews

മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളത്തിൽ വൻ വർദ്ധനവ് വരുത്തി യുപി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ എംഎൽഎമാർ, മന്ത്രിമാർ, നിയമസഭാ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു.

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർദ്ധനവ്. നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസം പാർലമെന്ററികാര്യ മന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ച ‘ഉത്തർപ്രദേശ് സ്റ്റേറ്റ് ലെജിസ്ലേച്ചർ മെമ്പർ ആൻഡ് മിനിസ്റ്റർ കംഫർട്ട് ലോ (ഭേദഗതി) ബിൽ, 2025’ സഭ ഐകകണ്‌ഠ്യേന പാസാക്കി.

പുതിയ ശമ്പള വർദ്ധനവ് സംസ്ഥാന ഖജനാവിന് പ്രതിവർഷം 105.21 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. 2025 ഏപ്രിൽ 1 മുതൽ വർദ്ധനവിന് പ്രാബല്യമുണ്ടാകും. ഒരു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

പുതിയ ശമ്പള ഘടന ഇങ്ങനെ:

  • അടിസ്ഥാന ശമ്പളം (എംഎൽഎ/എംഎൽസി): 25,000 രൂപയിൽ നിന്ന് 35,000 രൂപയായി ഉയർത്തി.
  • അടിസ്ഥാന ശമ്പളം (മന്ത്രിമാർ): 40,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തി.
  • മണ്ഡലം അലവൻസ്: 50,000 രൂപയിൽ നിന്ന് 75,000 രൂപയായി വർദ്ധിപ്പിച്ചു.
  • സെക്രട്ടറി അലവൻസ്: 20,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്തി.
  • മെഡിക്കൽ അലവൻസ്: 30,000 രൂപയിൽ നിന്ന് 45,000 രൂപയാക്കി.
  • ടെലിഫോൺ അലവൻസ്: 6,000 രൂപയിൽ നിന്ന് 9,000 രൂപയായി വർദ്ധിപ്പിച്ചു.
  • ദിവസ ബത്ത: 2,000 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി.
  • പൊതുസേവന അലവൻസ്: 1,500 രൂപയിൽ നിന്ന് 2,000 രൂപയാക്കി.
  • റെയിൽവേ കൂപ്പൺ: 4.25 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.

പെൻഷനിലും കാര്യമായ വർദ്ധനവ്

മുൻ നിയമസഭാ കൗൺസിൽ അംഗങ്ങൾക്ക് 6 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ പ്രതിമാസം 2,000 രൂപ അധിക പെൻഷൻ ലഭിക്കും. ആദ്യ വർഷത്തിന് ശേഷം ഓരോ വർഷവും ഈ തുക വർദ്ധിക്കും. കുടുംബ പെൻഷൻ പ്രതിമാസം 25,000 രൂപയിൽ നിന്ന് 30,000 രൂപയായും ഉയർത്തിയിട്ടുണ്ട്.

മുൻ എംഎൽഎമാർക്ക് പ്രതിവർഷം ലഭിച്ചിരുന്ന ഒരു ലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ 1.5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ഇതിൽ 50,000 രൂപ റെയിൽ അല്ലെങ്കിൽ വിമാന യാത്രയ്ക്കായി പണമായി കൈപ്പറ്റാം. ബാക്കി ഒരു ലക്ഷം രൂപ പെട്രോൾ, ഡീസൽ അല്ലെങ്കിൽ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിനായി വിനിയോഗിക്കാം.