CinemaNews

‘അമ്മ’യ്ക്ക് ചരിത്ര നിമിഷം: ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി; താരസംഘടനയുടെ തലപ്പത്ത് വനിതകൾ

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സംഘടനയുടെ നേതൃത്വത്തിലേക്ക് വനിതകൾ. നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നടൻ ദേവനെ പരാജയപ്പെടുത്തി ശ്വേതാ മേനോൻ ‘അമ്മ’യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനെതിരെ മത്സരിച്ച കുക്കു പരമേശ്വരനും വിജയിച്ചു. ഇതാദ്യമായാണ് ‘അമ്മ’യുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സുപ്രധാന പദവികൾ വനിതകൾ അലങ്കരിക്കുന്നത്.

അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറർ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്ന മറ്റ് 12 പേരും പിന്മാറിയതോടെയാണ് അൻസിബയുടെ വിജയം ഉറപ്പായത്.

അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആകെ 504 അംഗങ്ങളുള്ള സംഘടനയിൽ 298 പേർ മാത്രമാണ് വോട്ട് ചെയ്തത് (58%). കഴിഞ്ഞ തവണ 357 പേർ (70%) വോട്ട് ചെയ്തിരുന്നു. കടുത്ത മത്സരം നടന്നിട്ടും പോളിംഗിൽ 12 ശതമാനത്തിന്റെ കുറവുണ്ടായത് ശ്രദ്ധേയമായി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേർ മത്സരിച്ചു. ഇതിൽ നാല് സീറ്റുകൾ വനിതാ സംവരണമാണ്. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ്‌ കീഴാറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജനവിധി തേടിയത്.