News

പ്രവാസി സംരംഭകർക്ക് 30 ലക്ഷം വരെ വായ്പ; നോർക്കയുടെ വായ്പാ നിർണ്ണയ ക്യാമ്പ് 18-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ്, ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്ന് വായ്പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (NDPREM) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്. 2025 ഓഗസ്റ്റ് 18-ന് തിരുവനന്തപുരം തൈക്കാടുള്ള നോർക്ക സെന്ററിലാണ് പരിപാടി നടക്കുക.

നിലവിൽ വായ്പ അനുവദിച്ചവർക്കുള്ള വിതരണവും പുതിയ സംരംഭകർക്കുള്ള വായ്പാ നിർണ്ണയവും ക്യാമ്പിൽ നടക്കും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി. ലില്ലീസ് മുഖ്യാതിഥിയായിരിക്കും. ട്രാവൻകൂർ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. സജീവ് തൈയ്ക്കാട്, ക്ഷേമനിധി ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി, നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനോ നിലവിലുള്ളവ വികസിപ്പിക്കുന്നതിനോ NDPREM പദ്ധതി പ്രകാരം അപേക്ഷിക്കാം. വ്യക്തിഗത സംരംഭങ്ങൾക്ക് പുറമേ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ, പ്രവാസി കൂട്ടായ്മകൾ എന്നിവയ്ക്കും വായ്പയ്ക്കായി അപേക്ഷിക്കാൻ അർഹതയുണ്ട്.

വായ്പയും സബ്സിഡിയും

പദ്ധതി പ്രകാരം സംരംഭകർക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ), ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്സിഡിയും ലഭിക്കുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കാൻ

വായ്പാ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

  • ഇന്ത്യയിൽ നിന്ന്: 1800 425 3939
  • വിദേശത്ത് നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം)

രജിസ്റ്റർ ചെയ്തവർ പാസ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പുകളും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, തയ്യാറാക്കിയ പദ്ധതിയുടെ വിശദീകരണം, പദ്ധതിക്ക് ആവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതം ക്യാമ്പിൽ പങ്കെടുക്കണം. പൊതുവായ അപേക്ഷകൾ നോർക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്സൈറ്റ് വഴിയും സമർപ്പിക്കാവുന്നതാണ്.