Cinema

ബോഡി ഷെയിം ; ബിപാഷയോട് ക്ഷമ പറഞ്ഞ് മൃണാൾ താക്കൂർ

ബോളിവുഡ് താരം മൃണാൾ താക്കൂർ, ബിപാഷ ബസുവിനെ ബോഡി ഷെയിം ചെയ്തതിന് ഒടുവിൽ മാപ്പ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ‘കുംകും ഭാഗ്യ’ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്. ഈ അഭിമുഖത്തിൽ മൃണാൾ താക്കൂർ ബിപാഷ ബസുവിനെതിരെ മസിൽ ഉള്ള സ്ത്രീ എന്ന തരത്തിൽ സംസാരിച്ചതാണ് വിവാദമായത്. അഭിമുഖത്തിന്റെ വീഡിയോ വീണ്ടും പ്രചരിച്ചതോടെയാണ് മൃണാൾ താക്കൂർ ഇൻസ്റ്റാഗ്രാമിലൂടെ മാപ്പ് പറഞ്ഞത്.

മൃണാളിന്റെ വാക്കുകൾ ഇങ്ങനെ:

​“പത്തൊൻപത് വയസ്സുള്ളപ്പോൾ, ടീനേജിൽ ഞാൻ ഒരുപാട് മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ട്. തമാശയായിപ്പോലും എന്റെ വാക്കുകൾ ഒരാളെ എത്രമാത്രം വേദനിപ്പിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ അതുകൊണ്ട് ഒരാൾക്ക് വേദനയുണ്ടായിട്ടുണ്ടെങ്കിൽ അതിന് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരെയും ബോഡി ഷെയിം ചെയ്യുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല. തമാശയ്ക്ക് വേണ്ടി പറഞ്ഞതാണ്, പക്ഷേ അത് അതിരുകടന്നുപോയി. അത് എനിക്ക് മനസ്സിലാകുന്നുണ്ട്, ഞാൻ എന്റെ വാക്കുകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടിയിരുന്നുവെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

​സമയത്തിനനുസരിച്ച് സൗന്ദര്യം പല രൂപങ്ങളിലാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും, അത് ഇപ്പോൾ ഒരുപാട് വിലമതിക്കുന്നുവെന്നും മൃണാൾ കൂട്ടിച്ചേർത്തു. അതേസമയം, മൃണാളിന്റെ പഴയ വീഡിയോ വീണ്ടും പ്രചരിച്ചതിന് പിന്നാലെ ബിപാഷ ബസു ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. “ശക്തരായ സ്ത്രീകൾ പരസ്പരം ഉയർത്തും. മനോഹരമായ സ്ത്രീകളെ ആ മസിലുകൾ നേടാൻ പ്രേരിപ്പിക്കുക. നമ്മൾ ശക്തരായിരിക്കണം. മസിലുകൾ നിങ്ങളെ എന്നും നല്ല മാനസിക-ശാരീരിക ആരോഗ്യം നേടാൻ സഹായിക്കും” എന്നായിരുന്നു ബിപാഷയുടെ പോസ്റ്റ്.