
ഇറ്റലിയിലെ നേപ്പിൾസിൽ ത്രിവർണ്ണ പതാക പാറി; 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഐഎൻഎസ് തമൽ
നേപ്പിൾസ് (ഇറ്റലി): ഇന്ത്യ ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് തമൽ ഇറ്റലിയിലെ നേപ്പിൾസ് തുറമുഖത്ത് പതാക ഉയർത്തി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പലിന്റെ സന്ദർശനം.
2023-ൽ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘തന്ത്രപരമായ പങ്കാളിത്തമായി’ (Strategic Partnership) ഉയർത്തിയതിന് ശേഷമുള്ള ഏറ്റവും സുപ്രധാനമായ നാവിക സഹകരണങ്ങളിലൊന്നാണിത്. പ്രതിരോധം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

നേപ്പിൾസ് തുറമുഖത്ത് പ്രവേശിക്കുന്നതിന് മുൻപായി ഐഎൻഎസ് തമൽ, ഇറ്റാലിയൻ നാവികസേനയുടെ ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് കപ്പലായ ഐടിഎസ് ട്രിസ്റ്റെയുമായി ചേർന്ന് സംയുക്ത നാവികാഭ്യാസത്തിൽ (പാസേജ് എക്സർസൈസ് – PASSEX) പങ്കെടുത്തു. ആശയവിനിമയ പരിശീലനം, വ്യോമനിരീക്ഷണം, കപ്പലുകളുടെ സംയുക്ത മുന്നേറ്റം എന്നിവ അഭ്യാസത്തിന്റെ ഭാഗമായിരുന്നു. ഇരു നാവികസേനകളും തമ്മിലുള്ള പ്രവർത്തനക്ഷമതയും പരസ്പര ധാരണയും വർധിപ്പിക്കാൻ ഇത് സഹായിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി നേപ്പിൾസിലെ പ്രമുഖരുമായും ഇറ്റാലിയൻ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഐഎൻഎസ് തമലിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ഇറ്റലിയുമായുള്ള ബന്ധത്തിന് രാജ്യം നൽകുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് ഐഎൻഎസ് തമലിന്റെ ഈ സന്ദർശനം.