FootballSports

ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ; എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ നസ്റിന് എതിരാളി എഫ്‌സി ഗോവ

കോലാലംപൂർ: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലാദ്യമായി ഒരു മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തിയേക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ ക്ലബ്ബ് ടൂർണമെന്റായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ റൊണാൾഡോയുടെ സൗദി ക്ലബ്ബായ അൽ നസ്റും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ ഇടംപിടിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.

ഇന്ന് കോലാലംപൂരിൽ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് ഡി-യിൽ എഫ്‌സി ഗോവയും അൽ നസ്റും ഒരുമിച്ചെത്തിയത്. ഇറാഖി ക്ലബ് അൽ സവ്റാ, തജിക്കിസ്ഥാൻ ക്ലബ് എഫ്‌സി ഇസ്തിക്‌ലോൽ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ നിയമപ്രകാരം ഓരോ ടീമും ഗ്രൂപ്പിലെ മറ്റ് ടീമുകളുമായി ഹോം, എവേ അടിസ്ഥാനത്തിൽ രണ്ട് മത്സരങ്ങൾ കളിക്കണം. ഇതനുസരിച്ച് എഫ്‌സി ഗോവയ്‌ക്കെതിരായ എവേ മത്സരം കളിക്കുന്നതിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്ന അൽ നസ്ർ ടീം ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ എത്തും. പരിക്ക് പോലുള്ള അപ്രതീക്ഷിത തിരിച്ചടികൾ ഉണ്ടായില്ലെങ്കിൽ, ഇന്ത്യൻ ആരാധകർക്ക് റൊണാൾഡോയുടെ കളി നേരിൽ കാണാൻ അവസരമൊരുങ്ങും.

സെപ്റ്റംബർ 16-നാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-ന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഇന്ത്യയിൽ നിന്നുള്ള മറ്റൊരു പ്രമുഖ ക്ലബ്ബായ മോഹൻബഗാൻ സൂപ്പർ ജയന്റ് ഗ്രൂപ്പ് സി-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുറമെ സാദിയോ മാനെ, മാർസെലോ ബ്രോസോവിച്ച്, ജാവോ ഫെലിക്സ്, അയ്‌മെറിക് ലപോർട്ടെ തുടങ്ങിയ ലോകോത്തര താരങ്ങളും അൽ നസ്ർ ടീമിലുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബ് മത്സരത്തിനാകും ഗോവ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.