
നടൻ ബിജുക്കുട്ടന്റെ കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ
പാലക്കാട്: പ്രശസ്ത ചലച്ചിത്രതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ നിസ്സാര പരിക്ക്. താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി കൊച്ചിയിലേക്ക് യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ആറ് മണിയോടെ പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ചായിരുന്നു സംഭവം.
കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബിജുക്കുട്ടൻ സഞ്ചരിച്ച കാർ, ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിജുക്കുട്ടനായിരുന്നില്ല വാഹനം ഓടിച്ചിരുന്നത്.
അപകടത്തിൽ ബിജുക്കുട്ടന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ ഉടൻതന്നെ പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, താരം ‘അമ്മ’ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി എറണാകുളത്തേക്ക് യാത്ര തിരിച്ചു.
അതേസമയം, കാറോടിച്ചിരുന്ന ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.