
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ച ശമ്പള വർധനവിന് 2028 വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. ഇതോടെ ലക്ഷക്കണക്കിന് ജീവനക്കാർ നിരാശയിലാണ്.
2025 ജനുവരിയിൽ നരേന്ദ്ര മോദി സർക്കാർ എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന്റെ തുടർനടപടികൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. കമ്മീഷന്റെ രൂപീകരണം, ചെയർമാനേയും അംഗങ്ങളെയും നിയമിക്കൽ, ടേംസ് ഓഫ് റെഫറൻസ് അന്തിമമാക്കൽ തുടങ്ങിയ നിർണായക കാര്യങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ല.
മുൻകാലങ്ങളിലെ ശമ്പള കമ്മീഷനുകളുടെ നടപടിക്രമങ്ങൾ പരിശോധിക്കുമ്പോൾ, എട്ടാം ശമ്പള കമ്മീഷനും ഇതേ പാതയിലാണെന്ന് വ്യക്തമാകുന്നു. ഏഴാം ശമ്പള കമ്മീഷൻ 2013-ൽ പ്രഖ്യാപിച്ചതിന് ശേഷം 33 മാസങ്ങൾക്ക് ശേഷമാണ് ശുപാർശകൾ നടപ്പിലാക്കിയത്. ടേംസ് ഓഫ് റെഫറൻസ് പുറത്തിറക്കാൻ അഞ്ച് മാസവും, അംഗങ്ങളെ നിയമിക്കാൻ മാർച്ച് 2014 വരെയും കാത്തിരിക്കേണ്ടി വന്നു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ 20 മാസമെടുത്തു.
ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ, എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രാബല്യത്തിൽ വരാൻ രണ്ട് വർഷത്തിലധികം സമയം എടുത്തേക്കാം. നിലവിൽ, ടേംസ് ഓഫ് റെഫറൻസ് ഈ മാസം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
ഓരോ പത്ത് വർഷത്തിലും രൂപീകരിക്കുന്ന ശമ്പള കമ്മീഷനാണ് കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ തുടങ്ങിയവ പുതുക്കി നിശ്ചയിക്കുന്നത്. ഇത്തവണ വലിയ ശമ്പള വർധനവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ അനിശ്ചിതാവസ്ഥ ജീവനക്കാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.