News

തൃശൂരിലെ കള്ളവോട്ട് വിവാദം ടോപ് ഗിയറിൽ; ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കുരുക്കിൽ, പുതിയ തെളിവുകൾ

തൃശൂർ: കേരളത്തിൽ ബിജെപി ആദ്യമായി ലോക്സഭാ അക്കൗണ്ട് തുറന്ന തൃശൂർ മണ്ഡലത്തിലെ ഇരട്ടവോട്ട്, വ്യാജ വോട്ടർ പട്ടിക വിവാദം പുതിയ തലങ്ങളിലേക്ക്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയതോടെ, ഓരോ ദിവസവും പുറത്തുവരുന്ന പുതിയ തെളിവുകൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണന് ഇരട്ടവോട്ടുണ്ടെന്നതാണ് ഏറ്റവും ഒടുവിലത്തെ ആരോപണം. തൃശൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. ആതിരയുടെ മേൽവിലാസം ഉപയോഗിച്ചാണ് ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചേർത്തതെന്നാണ് ആക്ഷേപം. സ്ഥിരതാമസക്കാരനാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ നീക്കം. ഉണ്ണികൃഷ്ണന് പൊന്നാനി മണ്ഡലത്തിലും വോട്ടുണ്ടെന്ന് സഹപ്രവർത്തകനായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. എന്നാൽ, താൻ തൃശൂരിൽ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മറ്റ് മണ്ഡലങ്ങളിൽ നിന്ന് തൃശൂരിലേക്ക് മാറ്റിയ വോട്ടുകൾ ഇപ്പോൾ കൂട്ടത്തോടെ തിരികെ ചേർക്കാൻ ശ്രമം നടക്കുന്നതായും കോൺഗ്രസ് ആരോപിക്കുന്നു. തൃശൂർ കോലഴി പഞ്ചായത്തിലെ ശോഭാ സിറ്റി മേഖലയിൽ നിന്ന് മാത്രം 236 പേരാണ് വോട്ടർപട്ടികയിൽ പേരുചേർക്കാൻ പുതുതായി അപേക്ഷ നൽകിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം ലഭിച്ച അയ്യന്തോൾ, പൂങ്കുന്നം പോലുള്ള മേഖലകളിലേക്ക് ആലത്തൂരിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും മാറ്റിച്ചേർത്ത വോട്ടുകളാണ് ഇപ്പോൾ കോലഴിയിലേക്ക് തിരികെ ചേർക്കുന്നതെന്ന് കോലഴി പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എൻ.എ. സാബു ആരോപിച്ചു. ഇതിനെതിരെ കോൺഗ്രസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, എംപി സുരേഷ് ഗോപിക്കെതിരെ ഇരുമുന്നണികളും നടത്തുന്ന ആക്രമണത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങൾ മുറുകുമ്പോഴും നേതാക്കൾ തൃശൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ തന്ത്രങ്ങൾ മെനയുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും യുഡിഎഫ്, എൽഡിഎഫ് നേതൃത്വങ്ങൾ വ്യക്തമാക്കിയതോടെ തൃശൂരിലെ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്.