
പോലീസ് സേനയ്ക്ക് 42.33 കോടി രൂപയുടെ പുതിയ വാഹനങ്ങൾ അനുമതി നല്‍കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനക്ക് 373 പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകി. 2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 42.33 കോടി രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. സേനയിൽ നിലവിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 1182 വാഹനങ്ങളുണ്ടെന്നും ഇതിൽ 737 എണ്ണം ഇതിനകം ഉപയോഗശൂന്യമായെന്നും 445 എണ്ണം ഉടൻ ഒഴിവാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, 10 വർഷം പിന്നിട്ടതും 3 ലക്ഷം കിലോമീറ്ററിലധികം ഓടിയതുമായ 282 വാഹനങ്ങളും പോലീസ് സ്റ്റേഷനുകളിൽ ഉപയോഗത്തിലുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ 1464 വാഹനങ്ങളുടെ കുറവാണ് സേന നേരിടുന്നത്.
ഈ സാഹചര്യത്തിലാണ് അടിയന്തരമായി 373 വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. പോലീസ് സ്റ്റേഷനുകൾക്കായി 149 ലൈറ്റ് മോട്ടോർ വാഹനങ്ങൾ (LMV), മലയോര സ്റ്റേഷനുകൾക്കായി 15 ഫോർ വീൽ ഡ്രൈവ് (4WD) വാഹനങ്ങൾ, ഹൈവേ പട്രോളിംഗിനായി 40 വാഹനങ്ങൾ, കൺട്രോൾ റൂമുകൾക്കായി 100 വാഹനങ്ങൾ, ബറ്റാലിയനുകൾക്കും സ്പെഷ്യൽ യൂണിറ്റുകൾക്കുമായി 20 വാഹനങ്ങൾ, സ്പെഷ്യൽ യൂണിറ്റുകളിലെ ഡിവൈഎസ്പിമാർക്കായി 30 വാഹനങ്ങൾ, മറ്റ് ഓപ്പറേഷൻ ആവശ്യങ്ങൾക്കായി 5 വാഹനങ്ങൾ, 8 ആംബുലൻസുകൾ, തീരദേശ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഇന്റർസെപ്റ്റർ ബോട്ട് എന്നിവയാണ് പുതിയതായി വാങ്ങുന്നത്.
വാഹനങ്ങൾ വാങ്ങുമ്പോൾ ഇന്ധനക്ഷമതയും ഈടുനിൽപ്പും ഉറപ്പാക്കണമെന്നും, പഴയ വാഹനങ്ങൾ നിയമപ്രകാരം ഒഴിവാക്കി മൂന്നു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്. സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നതിനും പുതിയ വാഹനങ്ങൾ സഹായകമാകും.