Cinema

ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ 60 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്

ബോളിവുഡ് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ. മുംബൈയിലെ പ്രമുഖ വ്യവസായിയിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ബിസിനസ് വികസനത്തിനെന്ന് പറഞ്ഞ് വാങ്ങിയ പണം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന് പരാതിക്കാരനായ ദീപക് കോത്താരി ആരോപിക്കുന്നു.

​തങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ‘ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വികസനത്തിനായി 2015-2023 കാലയളവിലാണ് ദമ്പതികൾ ദീപക് കോത്താരിയിൽ നിന്ന് 60.48 കോടി രൂപ വാങ്ങിയത്. നിക്ഷേപമെന്ന പേരിലാണ് പണം കൈപ്പറ്റിയത്. നികുതി ഒഴിവാക്കുന്നതിനായി വായ്പയ്ക്ക് പകരം നിക്ഷേപമായി മാറ്റാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.

​കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശിൽപ ഷെട്ടി രാജിവെച്ചതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2016-ൽ വ്യക്തിപരമായ ഉറപ്പ് നൽകിയിരുന്ന ശിൽപ അതേ വർഷം സെപ്റ്റംബറിൽ കമ്പനി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. ഇതിനിടെ, കമ്പനിക്കെതിരെ 1.28 കോടിയുടെ മറ്റൊരു ഇൻസോൾവൻസി കേസ് വന്നതോടെ ദീപക് കോത്താരി തന്റെ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, പണം തിരികെ ലഭിച്ചില്ല.

​വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജൂഹു പോലീസ് സ്റ്റേഷനിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (ഇ.ഒ.ഡബ്ല്യു) കൈമാറി. വൻ തുക ഉൾപ്പെട്ട കേസ് എന്ന നിലയിലാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് അന്വേഷിക്കുന്നത്.