Kerala Government NewsNews

ധനമന്ത്രിയോ, കടമെടുപ്പ് മന്ത്രിയോ? 2000 കോടി ആഗസ്ത് 19 ന് കെ.എൻ. ബാലഗോപാൽ കടം എടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 20000 കോടി

ധനമന്ത്രിയോ കടമെടുപ്പ് മന്ത്രിയോ? മാസം രണ്ടോ , മൂന്നോ തവണ കടം എടുക്കുന്നത് കൊണ്ട് കെ.എൻ. ബാലഗോപാൽ കടമെടുപ്പ് മന്ത്രി എന്ന പേരിലാണ് അറിയപ്പെടുന്നത്. ആഗസ്ത് 19 ന് 2000 കോടി കടം എടുക്കാനുള്ള പുറപ്പാടിലാണ് കെ. എൻ. ബാലഗോപാൽ.

ശമ്പള വിതരണത്തിന് ഈ മാസം 5 ന് ബാലഗോപാൽ 1000 കോടി കടം എടുത്തിരുന്നു. 19 ലെ കടമെടുപ്പ് കൂടിയാകുമ്പോൾ ആഗസ്ത് മാസം രണ്ടു തവണ കടമെടുപ്പ് എന്ന നിലയിൽ ആയി. ഓണവും ശമ്പള , പെൻഷനും വരുന്നതുകൊണ്ട് ആഗസ്ത് 26 ന് 5000 കോടി കൂടി കടമെടുക്കും എന്നാണ് ധനവകുപ്പിൽ നിന്ന് അറിയുന്നത്.

ആഗസ്ത് 19 ലെ 2000 കോടി കടം കൂടിയാകുമ്പോൾ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 20000 കോടിയായി.ഏപ്രിൽ മാസം 3000 കോടി, മെയ് 4000 കോടി, ജൂൺ 5000 കോടി, ജൂലൈ 5000 കോടി, ആഗസ്ത് 3000 കോടി ( 19 ലെ 2000 കോടി ഉൾപ്പെടെ) എന്നിങ്ങനെയാണ് 2025- 26 സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുപ്പ്.ഡിസംബർ വരെ 29529 കോടി കടം എടുക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 20000 കോടിയും കടം എടുത്തതോടെ ഡിസംബർ വരെ കടം എടുക്കാൻ ശേഷിക്കുന്നത് 9529 കോടി മാത്രം. ആഗസ്ത് , സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ അഞ്ച് മാസങ്ങൾ കടക്കാൻ 9529 കോടി കടം തികയാതെ വരും.

കേന്ദ്രം അധികമായി കടം എടുക്കാൻ അനുമതി നൽകിയില്ലെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്കാണ് കേരളത്തിൻ്റെ യാത്ര. ധനമന്ത്രി കസേരയിൽ അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും ധനകാര്യ മാനേജ്മെൻ്റിൻ്റെ എ ബി സി ഡി ബാലഗോപാലിന് വഴങ്ങിയിട്ടില്ല. 2 ലക്ഷം കോടിയോളം രൂപ വിവിധ കുടിശികകൾ നൽകാൻ ഉണ്ട്. ഇത് നൽകാതിരുന്നിട്ടും കടം എടുക്കേണ്ട ഗതികേടിലാണ് കെ .എൻ. ബാലഗോപാൽ.