
പാംപ്ലാനിക്കെതിരെ സിപിഎം സൈബർ പോര്; ‘എടോ തെമ്മാടീ’യെന്ന് വിളിച്ച് മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും സൈബർ ആക്രമണങ്ങളിലേക്കും വഴിമാറുന്നു. എം.വി. ഗോവിന്ദൻ മാർ പാംപ്ലാനിയെ ‘അവസരവാദി’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ, മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ ഉൾപ്പെടെയുള്ള സിപിഎം അനുഭാവികൾ ആർച്ച്ബിഷപ്പിനെതിരെ രൂക്ഷമായ ഭാഷയിൽ സൈബർ ആക്രമണം ആരംഭിച്ചു.
“ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ല” എന്നായിരുന്നു മാർ പാംപ്ലാനിക്കെതിരെ എം.വി. ഗോവിന്ദൻ ഉന്നയിച്ച രൂക്ഷ വിമർശനം. ഇതിന് അതേ നാണയത്തിൽ തലശ്ശേരി അതിരൂപത മറുപടി നൽകി. “അവസരവാദം ആപ്തവാക്യമാക്കി സ്വീകരിച്ചയാളാണ് ഗോവിന്ദൻ,” എന്നായിരുന്നു അതിരൂപതയുടെ പ്രതികരണം. ഈ വാക്പോര് മുറുകിയതോടെയാണ് സിപിഎം നേതാക്കൾ പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറി സൈബർ ആക്രമണങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്.
മുൻ മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന ഗോപകുമാർ മുകുന്ദൻ, മാർ പാംപ്ലാനിയെ ‘എടോ തെമ്മാടി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഫേസ്ബുക്കിൽ അധിക്ഷേപകരമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. “നീണ്ട വെള്ളപ്പാവാടയിട്ട പൗരോഹിത്യ ജീർണ്ണതയ്ക്ക് രാഷ്ട്രീയ വ്യക്തിത്വം മനസിലാക്കാൻ കഴിയില്ല” എന്നും “നിനക്കൊക്കെ ചേരുന്നത് ബജ്‌രംഗ്ദൾ ആണ്” എന്നും കുറിപ്പിൽ പറയുന്നു. ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തനം കൊണ്ട് എം.വി. ഗോവിന്ദൻ നേടിയെടുത്ത സാമൂഹിക മൂലധനത്തെ പാംപ്ലാനിക്ക് മനസ്സിലാക്കാൻ കഴിയില്ലെന്നും കുറിപ്പിൽ അധിക്ഷേപിക്കുന്നു.

സിപിഎം ഉന്നത നേതൃത്വം നേരിട്ട് പ്രതികരിക്കാതെ, പാർട്ടി അനുഭാവികളെയും സൈബർ ഹാൻഡിലുകളെയും ഉപയോഗിച്ച് സഭാ നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്. രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങൾ വ്യക്തിപരമായ ചേരിതിരിവിലേക്കും നിലവാരം കുറഞ്ഞ അധിക്ഷേപങ്ങളിലേക്കും മാറുന്നത് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.