Kerala Government NewsNews

ക്ഷാമബത്ത കുടിശ്ശികയും വിലക്കയറ്റവും; സർക്കാർ ജീവനക്കാർക്ക് ഇരട്ടപ്രഹരം

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വിലക്കയറ്റത്തിൽപ്പെട്ട് ഉഴലുമ്പോൾ സർക്കാർ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങള്‍ നൽകാതെ സർക്കാരിന്റെ ഇരട്ടപ്രഹരം. രാജ്യത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയ കേരളത്തിൽ, അവശ്യസാധനങ്ങളുടെ വില സാധാരണക്കാരന്റെ കീശ കാലിയാക്കുകയാണ്. ദേശീയ ശരാശരി 1.5% മാത്രമായിരിക്കെ, കേരളത്തിൽ വിലക്കയറ്റ നിരക്ക് ആറിരട്ടിയിലധികമായി, 8.89% എന്ന അപകടകരമായ നിലയിലാണ്. ഈ സാമ്പത്തിക സമ്മർദ്ദത്തിനിടയിലാണ്, വിലക്കയറ്റത്തെ പ്രതിരോധിക്കാൻ നൽകേണ്ട ക്ഷാമബത്തയുടെ (DA) 18% കുടിശ്ശിക നൽകാതെ സർക്കാർ മൗനം പാലിക്കുന്നത്.

നൽകാത്തത് വിലക്കയറ്റത്തിനെതിരായ പടച്ചട്ട

പണപ്പെരുപ്പം മൂലം ജീവിതച്ചെലവ് കൂടുമ്പോൾ ജീവനക്കാർക്ക് ആശ്വാസമേകാൻ അടിസ്ഥാന ശമ്പളത്തിന്മേൽ നൽകുന്ന തുകയാണ് ക്ഷാമബത്ത. വിലക്കയറ്റം അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ ഈ തുക തടഞ്ഞുവെക്കുന്നത് ജീവനക്കാരോടുള്ള അനീതിയാണെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു. 18 ശതമാനം ഡി.എ കുടിശ്ശിക ലഭിക്കാനുള്ളപ്പോൾ, ഒരു ഗഡു പോലും അനുവദിക്കാത്ത സർക്കാർ നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയ തനത് കാർഷിക ഉത്പന്നങ്ങൾക്കുപോലും വില കുതിച്ചുയരുകയാണ്. വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമായതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അർഹമായ ക്ഷാമബത്ത പോലും നൽകാത്തത് ജീവനക്കാരുടെ വാങ്ങൽശേഷി (Purchasing Power) ഇല്ലാതാക്കുമെന്നും, ഇത് വിപണിയിൽ കൂടുതൽ മാന്ദ്യത്തിന് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

കിട്ടാനുള്ള ക്ഷാമബത്ത (DA) കുടിശ്ശിക: 18%

വിവിധ കാലയളവുകളിലായി സർക്കാർ പ്രഖ്യാപിച്ചതും എന്നാൽ വിതരണം ചെയ്യാത്തതുമായ ക്ഷാമബത്തയുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്. ഈ കുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.

പ്രാബല്യത്തിൽ വന്ന തീയതിഅനുവദിക്കേണ്ട ഡി.എ.
01.07.20223 %
01.01.20234 %
01.07.20233 %
01.01.20243 %
01.07.20243 %
01.01.20252 %
ആകെ കുടിശ്ശിക18 %