
സർക്കാറിനെ വിമർശിച്ചാല്‍ കലാപ ആഹ്വാനമല്ല; CMDRF പണം നല്‍കുന്നവർ ജാഗ്രത പാലിക്കണം എന്ന് പറയുന്നത് നിയമലംഘനമല്ല: കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിച്ച് വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുന്നത് കലാപാഹ്വാനമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകുന്നതിൽ ജാഗ്രത പുലർത്തണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ട രണ്ടുപേർക്കെതിരെ എടുത്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിരീക്ഷണം.
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റിന് താഴെ, ദുരിതാശ്വാസ നിധിയിലെ പണം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വിശ്വസ്തരായവർക്ക് മാത്രം സംഭാവന നൽകണമെന്നും സന്ദേശമിട്ടതിനാണ് കാസർഗോഡ് ബേക്കൽ പോലീസ് ഇവർക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത, ദുരന്ത നിവാരണ നിയമം, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
സർക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നവരെ ക്രിമിനൽ കേസുകളിൽ കുടുക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്ന് കോടതി ശക്തമായി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള അവകാശം ജനാധിപത്യ ഭരണത്തിന്റെ ഭാഗമാണെന്നും വിധിയിൽ പറയുന്നു.
“നിങ്ങൾ പറയുന്ന ഒരു വാക്കിനോട് പോലും ഞാൻ യോജിക്കുന്നില്ല, പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി ഞാൻ മരണം വരെ പോരാടും,” എന്ന വോൾട്ടയറുടെ പ്രശസ്തമായ വാക്കുകളും കോടതി വിധിയിൽ ഉദ്ധരിച്ചു.
ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ല
ഹർജിക്കാർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി കണ്ടെത്തി.
- സർക്കാർ നടപടിയെ വിമർശിക്കുന്നത് കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന് വ്യാഖ്യാനിക്കാൻ സാധിക്കില്ല.
- ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള അഭ്യർത്ഥന ദുരന്തനിവാരണ നിയമപ്രകാരമുള്ള ഒരു ‘നിർദ്ദേശം’ അല്ല. അതിനാൽ, സംഭാവന ചെയ്യുമ്പോൾ ജാഗ്രത പുലർത്താൻ പറയുന്നത് നിയമലംഘനമായി കണക്കാക്കാനാവില്ല.
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരായ ഗൗരി ശങ്കരി, പ്രശാന്ത് ബെള്ളുലായ എന്നിവർക്കെതിരായ അന്തിമ റിപ്പോർട്ടും തുടർനടപടികളും ഹൈക്കോടതി റദ്ദാക്കിയത്.