Kerala Government NewsNews

സെക്രട്ടേറിയറ്റിൽ ഓടാൻ ഇനി അബ്കാരി കേസിൽ പിടിച്ചെടുത്ത കാർ അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കണ്ടുകെട്ടിയ വാഹനം സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഉത്തരവിറക്കി, അബ്കാരി കേസിൽ പിടിച്ചെടുത്ത റെനോ ക്യാപ്ച്ചർ കാർ ഇനി സെക്രട്ടേറിയറ്റിലെ പൊതുഭരണ (ഹൗസ് കീപ്പിംഗ്) വകുപ്പിന് സ്വന്തം. കാലപ്പഴക്കം ചെന്ന് തുരുമ്പെടുത്ത പഴയ ടാറ്റാ സുമോയ്ക്ക് പകരമായാണ് 2019 മോഡൽ റെനോ കാർ അനുവദിച്ചിരിക്കുന്നത്. നികുതി വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

തൃശൂർ ജില്ലയിലെ പഴയന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 345/2020 ക്രൈം നമ്പർ അബ്കാരി കേസിൽ ഉൾപ്പെട്ട KL-13-AP-6876 എന്ന റെനോ ക്യാപ്ച്ചർ കാറാണ് വകുപ്പിന് ലഭിക്കുക. നിലവിൽ പൊതുഭരണ (ഹൗസ് കീപ്പിംഗ്) വകുപ്പ് ഉപയോഗിക്കുന്ന KL-01-AW-7008 നമ്പർ ടാറ്റാ സുമോയ്ക്ക് 14 വർഷത്തിലധികം പഴക്കമുണ്ട്. ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം തുരുമ്പെടുത്ത് ജീർണ്ണിച്ച അവസ്ഥയിലാണ്. കൂടാതെ, വാഹനത്തിന്റെ ഫിറ്റ്നസ് 2026 മാർച്ച് 24-ന് അവസാനിക്കുകയും ചെയ്യും.

ഈ സാഹചര്യത്തിലാണ് കണ്ടുകെട്ടിയ വാഹനം വകുപ്പിന് സൗജന്യമായി അനുവദിക്കാമെന്ന് എക്സൈസ് കമ്മീഷണർ ജൂലൈ 18-ലെ കത്ത് മുഖേന സർക്കാരിനെ അറിയിച്ചത്. ഈ ശുപാർശ വിശദമായി പരിശോധിച്ച സർക്കാർ, കേരള അബ്കാരി (കണ്ടുകെട്ടിയ സാധനങ്ങളുടെ വിനിയോഗം) ചട്ടങ്ങളിലെ 23-ാം വകുപ്പ് പ്രകാരം വാഹനം സൗജന്യമായി അനുവദിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഗവർണറുടെ ഉത്തരവിൻ പ്രകാരം നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി പ്രമോദ് എം വിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.