
സർക്കാർ അഭിഭാഷകർക്ക് വൻ ശമ്പള വർധന; 2022 മുതൽ മുൻകാല പ്രാബല്യം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ അഭിഭാഷകർക്ക് ശമ്പള വർധന പ്രഖ്യാപിച്ച് മന്ത്രിസഭ. 2022 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വേതനം വർധിപ്പിച്ചത്. ജില്ലാ ഗവൺമെന്റ് പ്ലീഡർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവർക്കെല്ലാം വർധനവിന്റെ പ്രയോജനം ലഭിക്കും. തലശ്ശേരിയിലെ വി.ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയം നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പുതുക്കിയ ശമ്പള നിരക്കുകൾ ഇങ്ങനെ:
- ജില്ലാ ഗവൺമെന്റ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ: പ്രതിമാസ വേതനം 87,500 രൂപയിൽ നിന്ന് 1,10,000 രൂപയായി ഉയരും.
- അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ: വേതനം 75,000 രൂപയിൽ നിന്ന് 95,000 രൂപയാക്കി വർധിപ്പിച്ചു.
- പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക്: വേതനം 20,000 രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തി.
കൃഷ്ണയ്യർ സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക്
മന്ത്രിസഭയുടെ മറ്റൊരു സുപ്രധാന തീരുമാനത്തിൽ, തലശ്ശേരി താലൂക്കിലെ വി.ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയം 10 വർഷത്തേക്ക് തലശ്ശേരി നഗരസഭയ്ക്ക് പാട്ടത്തിന് നൽകും. കർശനമായ നിബന്ധനകളോടെയാണ് സ്റ്റേഡിയം കൈമാറുന്നത്. ഭൂമി കായിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും വ്യവസ്ഥയുണ്ട്. മുൻസിപ്പൽ ചെയർമാൻ അധ്യക്ഷനായി കായിക, റവന്യൂ വകുപ്പ് പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് സ്റ്റേഡിയത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.