Kerala Government NewsNews

ശമ്പള പരിഷ്‌കരണം: ഈ സർക്കാരിന്റെ കാലത്ത് നടക്കില്ല, കാരണങ്ങള്‍ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയോടെ കാത്തിരുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാകാനുള്ള സാധ്യതകൾ മങ്ങുന്നു. ഇന്ന് (ഓഗസ്റ്റ് 13, ബുധനാഴ്ച) ചേർന്ന മന്ത്രിസഭായോഗത്തിലും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാത്തതോടെയാണ് ജീവനക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റത്.

സർക്കാരിന്റെ കാലാവധി അവസാനിക്കാൻ എട്ട് മാസം മാത്രം ശേഷിക്കെ, നിർണായകമായ ഈ വിഷയത്തിൽ സർക്കാർ തുടരുന്ന മൗനം ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം, ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പല പൊതുവേദികളിലും ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങൾ വാക്കുകളിൽ ഒതുങ്ങുകയും പ്രവൃത്തിപഥത്തിൽ എത്താതിരിക്കുകയും ചെയ്യുന്നതാണ് നിലവിലെ കാഴ്ച. സർക്കാരിന് മുന്നിലുള്ളത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളാണ്.

ഈ രണ്ട് തിരഞ്ഞെടുപ്പുകൾക്കുമായി കുറഞ്ഞത് നാല് മാസമെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇത് കണക്കിലെടുക്കുമ്പോൾ സർക്കാരിന് ഫലപ്രദമായി പ്രവർത്തിക്കാൻ കേവലം നാല് മാസത്തോളം മാത്രമാണ് മുന്നിലുള്ളത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ശമ്പള കമ്മീഷനെ നിയമിച്ച്, റിപ്പോർട്ട് വാങ്ങി, ശുപാർശകൾ നടപ്പിലാക്കുക എന്നത് അപ്രായോഗികമാണെന്ന് വിലയിരുത്തപ്പെടുന്നു.

പിന്നിൽ IAS ലോബിയോ?

സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതാണ് പതിവ് രീതി. എന്നാൽ ഇത് പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്ന ശക്തമായ നിലപാടാണ് ഐഎഎസ് ലോബിക്കുള്ളത്. കേന്ദ്ര സർക്കാർ ജീവനക്കാരായ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള വർദ്ധനവ്. ഇതേ മാതൃക സംസ്ഥാന ജീവനക്കാർക്കും ബാധകമാക്കണമെന്ന വിരമിച്ച ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ സമ്മർദ്ദത്തിന് മുഖ്യമന്ത്രി വഴങ്ങിയതാണ് ഈ കാലതാമസത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. സെക്രട്ടേറിയറ്റിലെ ഭരണപരമായ കാര്യങ്ങളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ് ഈ ഉദ്യോഗസ്ഥൻ. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, അടുത്ത ശമ്പള പരിഷ്കരണം 2029-ൽ മാത്രമേ ഉണ്ടാകൂ, ഇത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും.

വേഗത്തിൽ നടന്ന പതിനൊന്നാം ശമ്പള പരിഷ്കരണം

പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ വേഗത നിലവിലെ മെല്ലെപ്പോക്കിന്റെ കാരണങ്ങളെക്കുറിച്ച് സംശയമുണർത്തുന്നു. 2019 ജൂലൈ 1 മുതൽ പ്രാബല്യം ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾക്കായി 2019 നവംബറിൽ തന്നെ കമ്മീഷനെ നിയോഗിച്ചിരുന്നു. വെറും 13 മാസം കൊണ്ട് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും, റിപ്പോർട്ട് ലഭിച്ച് 14-ാം ദിവസം, 2021 ഫെബ്രുവരി 10-ന് സർക്കാർ അത് അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ആ ശമ്പള പരിഷ്കരണത്തിലെ പല ആനുകൂല്യങ്ങൾ പോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കരണത്തോടുള്ള സർക്കാർ അവഗണന.

ലക്ഷക്കണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ സർക്കാർ തുടരുന്ന അവഗണന, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.