DefenceNews

ഡിആർഡിഒയിൽ പാക് ചാരൻ; ശാസ്ത്രജ്ഞരുടെ നീക്കങ്ങൾ ചോർത്തിയ ജീവനക്കാരൻ പിടിയിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ-യിൽ (DRDO) പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ഡിആർഡിഒ-യുടെ ജയ്സൽമീരിലെ ഗസ്റ്റ് ഹൗസിൽ മാനേജരായി ജോലി ചെയ്തിരുന്ന ഉത്തരാഖണ്ഡ് അൽമോറ സ്വദേശി മഹേന്ദ്ര പ്രസാദ് ആണ് രാജസ്ഥാൻ സിഐഡി ഇന്റലിജൻസിന്റെ പിടിയിലായത്. അതീവ തന്ത്രപ്രധാനമായ വിവരങ്ങളാണ് ഇയാൾ പാകിസ്താന് ചോർത്തി നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സ്ഥാപനത്തിലെത്തുന്ന ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും യാത്രാവിവരങ്ങളും നീക്കങ്ങളുമാണ് മഹേന്ദ്ര പ്രസാദ് പ്രധാനമായും ശത്രുരാജ്യത്തിന് കൈമാറിയിരുന്നത്. സോഷ്യൽ മീഡിയ വഴി പാകിസ്താനിലെ ചാരസംഘടനയുമായി ബന്ധം സ്ഥാപിച്ച ഇയാൾ, അവർക്ക് വേണ്ട വിവരങ്ങൾ കൃത്യമായി നൽകി വരികയായിരുന്നു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ സിഐഡി ഇന്റലിജൻസ് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് മഹേന്ദ്ര പ്രസാദ് കുടുങ്ങിയത്. ഇയാളുടെ പാക് ചാരസംഘടനയുമായുള്ള ബന്ധം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ അതീവ ഗുരുതരമായി ബാധിക്കുന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഡിആർഡിഒ പോലുള്ള തന്ത്രപ്രധാന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ച വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.