
ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണി നൽകിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസിൽ വിചാരണ ആരംഭിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജനക്കൂട്ടത്തെ ഒഴിവാക്കാൻ അഡ്വക്കേറ്റ് കമ്മീഷണർ മുഖേന ധോണിയുടെ മൊഴി രേഖപ്പെടുത്തും. ഒക്ടോബർ 20നും ഡിസംബർ 10നും ക്രോസ് വിസ്താരത്തിനായി താൻ ഹാജരാകുമെന്ന് ധോണി അറിയിച്ചു.
എന്താണ് കേസ്?
ഏകദേശം 10 വർഷം മുമ്പാണ് ചില മാധ്യമ സ്ഥാപനങ്ങൾക്കും പത്രപ്രവർത്തകർക്കുമെതിരെ എം.എസ്. ധോണി 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ കേസിൽ വിചാരണയുമായി മുന്നോട്ട് പോകാൻ മദ്രാസ് ഹൈക്കോടതി ഇപ്പോൾ അനുമതി നൽകിയിരിക്കുന്നു. 2014-ൽ രണ്ട് പ്രമുഖ മാധ്യമ ചാനലുകൾക്കെതിരെയാണ് ധോണി ഈ കേസ് ഫയൽ ചെയ്തത്. 2013-ലെ ഐപിഎൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ഒരു ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെയും സൽപ്പേരിനെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ധോണി അന്ന് ആരോപിച്ചിരുന്നു.
പശ്ചാത്തലം
2013-ലെ ഐപിഎല്ലിലെ വാതുവെപ്പ് അന്വേഷണം ടൂർണമെന്റിനെ കാര്യമായി ബാധിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ), രാജസ്ഥാൻ റോയൽസ് (ആർആർ) എന്നീ ടീമുകൾക്കും നിരവധി കളിക്കാർക്കും ഇത് തിരിച്ചടിയായി. ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാർശകളെ തുടർന്ന് സിഎസ്‌കെയെയും ആർആറിനെയും രണ്ട് വർഷത്തേക്ക് (2016, 2017) വിലക്കിയിരുന്നു.
അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന എൻ. ശ്രീനിവാസന്റെ മരുമകനും സിഎസ്‌കെ ഉദ്യോഗസ്ഥനുമായ ഗുരുനാഥ് മെയ്യപ്പൻ, നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര എന്നിവർ ഈ വിവാദത്തിൽ ഉൾപ്പെട്ടത് ഐപിഎല്ലിന്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കി. മൂന്ന് രാജസ്ഥാൻ റോയൽസ് കളിക്കാരായ എസ്. ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാൻഡില എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചെന്നൈ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ എം.എസ്. ധോണിയെയും ഈ സംഭവങ്ങൾ സ്വാഭാവികമായും ബാധിച്ചു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും (278) ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുകയും (100) ചെയ്ത ധോണിക്ക് രണ്ട് വർഷത്തേക്ക് ചെന്നൈക്ക് പകരം പൂനെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കേണ്ടി വന്നു. എന്നിരുന്നാലും, ധോണിക്കെതിരെ വ്യക്തിപരമായി ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. ഈ കാലയളവിൽ പല മാധ്യമ സ്ഥാപനങ്ങളും അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തിയത് അതിരു കടന്നുവെന്നാണ് ധോണിയുടെ പക്ഷം.
കോടതിയുടേയും കമ്മീഷണറുടെയും നിർദേശങ്ങൾ പാലിക്കുമെന്നും വിചാരണ വൈകരുതെന്നും തന്റെ സത്യവാങ്മൂലത്തിൽ ധോണി വ്യക്തമാക്കിയിട്ടുണ്ട്.