
വനംവകുപ്പിനെ വിമർശിച്ചതിന് മുഖ്യമന്ത്രി ശാസിച്ചെന്ന് വാഴൂർ സോമൻ എംഎല്‍എ
തൊടുപുഴ: നിയമസഭയിൽ വനംവകുപ്പിനും മന്ത്രി എ.കെ. ശശീന്ദ്രനുമെതിരെ നടത്തിയ രൂക്ഷ വിമർശനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശാസിച്ചതായി പീരുമേട് എംഎൽഎ വാഴൂർ സോമന്റെ വെളിപ്പെടുത്തൽ. മന്ത്രിയുടെ പാർട്ടിയായ എൻസിപി തനിക്കെതിരെ എൽഡിഎഫിൽ പരാതി നൽകിയെന്നും, തുടർന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതെന്നും വാഴൂർ സോമൻ തുറന്നടിച്ചു.
2024 ജൂലൈ ഒന്നിന് നിയമസഭയിൽ വനംവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിലായിരുന്നു വാഴൂർ സോമൻ കടുത്ത വിമർശനം ഉന്നയിച്ചത്. “പീരുമേട് മണ്ഡലത്തിലെ വന്യമൃഗശല്യം അതിരൂക്ഷമാണ്.
എന്നാൽ, ഇത് സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, കോട്ടയം ഡിഎഫ്ഒ നൽകിയ റിപ്പോർട്ട് വായിച്ച് വനംവകുപ്പിനെ പ്രതിരോധിക്കുകയാണ് മന്ത്രി ചെയ്തത്. ഇത് വസ്തുതകൾക്ക് നിരക്കാത്തതും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്,” എന്നായിരുന്നു വാഴൂർ സോമന്റെ നിലപാട്. വനാതിർത്തിയിലെ ജനങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം അന്ന് സഭയിൽ പറഞ്ഞിരുന്നു.
ഈ വിമർശനമാണ് ഘടകകക്ഷിയായ എൻസിപിയെ ചൊടിപ്പിച്ചത്. അവർ സിപിഐ അംഗമായ വാഴൂർ സോമനെതിരെ മുന്നണിക്ക് പരാതി നൽകി. തുടർന്ന് ജൂലൈ 5-ന് ചേർന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ, മുന്നണിയിലെ ഒരു മന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചതിന് മുഖ്യമന്ത്രി വാഴൂർ സോമനെ ശാസിക്കുകയായിരുന്നു. ഈ സ്വകാര്യ ശാസനയാണ് എംഎൽഎ ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. ഇത് മുന്നണിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.