
ക്ഷാമബത്ത 3 ശതമാനം ; ധനമന്ത്രിയുടെ ഓഫിസിൽ ഫയൽ എത്തിയിട്ട് 19 ദിവസം
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് 3 ശതമാനം ക്ഷാമബത്ത അനുവദിക്കുന്ന ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസിൽ എത്തിയിട്ട് 19 ദിവസങ്ങൾ പിന്നിട്ടു. ജൂലൈ 25-നാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറി ഫയൽ ധനമന്ത്രിക്ക് കൈമാറിയതെങ്കിലും ഇതുവരെയും തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
3 ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാതെ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുമ്പോൾ, സർക്കാർ ഫയൽ അദാലത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ക്ഷാമബത്ത ഫയലിന് ഈ അദാലത്ത് ബാധകമല്ലേ എന്ന ചോദ്യമാണ് ജീവനക്കാർ ഉയർത്തുന്നത്. ഓണത്തിന് ക്ഷാമബത്ത സമ്മാനമായി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
2022 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട 3% ക്ഷാമബത്തയാണ് ഇപ്പോൾ തീരുമാനമാകാതെ കിടക്കുന്നത്. അതേസമയം, ഓണച്ചെലവുകൾക്കായി 7,900 കോടി രൂപ അധികമായി കടമെടുക്കുന്നതിനുള്ള അനുമതിക്കായി ധനമന്ത്രി ഡൽഹിയിലാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഇന്നലെ സന്ദർശിക്കുകയും ചെയ്തിരുന്നു.
ധനമന്ത്രിയായ ശേഷം കെ.എൻ. ബാലഗോപാൽ 3 തവണ ക്ഷാമബത്ത അനുവദിച്ചെങ്കിലും ഇതിന് കുടിശിക അനുവദിച്ചിരുന്നില്ല. ഇപ്പോൾ പ്രഖ്യാപിക്കാനിരിക്കുന്ന ക്ഷാമബത്തയ്ക്കും കുടിശികയുണ്ടാകില്ല. തീരുമാനം വൈകുന്നതിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകഴിഞ്ഞു. ഭരണകക്ഷി സർവീസ് സംഘടനകൾക്ക് സർക്കാരിൽ സ്വാധീനമില്ലാത്തതാണ് ഈ കാലതാമസത്തിന് കാരണമെന്നാണ് അവരുടെ വാദം.