NewsTechnology

12 ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ സ്വകാര്യമേഖലയ്ക്ക് പൂർണ്ണ അധികാരം നൽകി ഇന്ത്യ

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, 12 ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും വിക്ഷേപിക്കാനും പരിപാലിക്കാനും സ്വകാര്യമേഖലയ്ക്ക് പൂർണ്ണ അധികാരം നൽകി. ഇൻ-സ്‌പേസ് (IN-SPACe) വഴി നടത്തിയ ഈ സുപ്രധാന കരാർ, പിക്സൽ സ്പേസ് എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ലഭിച്ചിരിക്കുന്നത്. 1200 കോടി രൂപയുടെ ഈ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി, ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ്.

ഇതാദ്യമായാണ് ഇത്തരമൊരു വലിയ ദൗത്യം ഐഎസ്ആർഒയ്ക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിന് പൂർണ്ണമായി കൈമാറുന്നത്. പിക്സൽ സ്പേസിന് പുറമെ, സൈറ്റ് സ്പേസ്, സാക്ഷർ അനലിറ്റിക്സ്, ധ്രുവ സ്പേസ് തുടങ്ങിയ കമ്പനികളും ഈ കൺസോർഷ്യത്തിന്റെ ഭാഗമാണ്. ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗ് സാധ്യമാക്കുന്ന ഉപഗ്രഹ ശൃംഖലയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്ത നാല് വർഷത്തിനുള്ളിൽ 12 ഉപഗ്രഹങ്ങളും നിർമ്മിച്ച്, വിക്ഷേപിച്ച്, പ്രവർത്തനക്ഷമമാക്കുക എന്നതാണ് കൺസോർഷ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സാധാരണയായി, ഭൗമ നിരീക്ഷണ ഉപകരണങ്ങളുടെ നിർമ്മാണവും പരിപാലനവും ഐഎസ്ആർഒ നേരിട്ടാണ് ചെയ്യാറുള്ളത്. എന്നാൽ, ഗഗൻയാൻ പോലുള്ള വലിയ ദൗത്യങ്ങളിലും ആഴത്തിലുള്ള ബഹിരാകാശ ഗവേഷണങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഐഎസ്ആർഒ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

അമേരിക്കൻ പ്രതിരോധ വകുപ്പിൽ നിന്ന് പോലും കരാറുകൾ നേടിയിട്ടുള്ള പിക്സൽ സ്പേസിന്, ഭൗമ നിരീക്ഷണ രംഗത്ത് ഇതിനകം തന്നെ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. ഈ കരാർ ഇന്ത്യൻ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.