
ലാഭം 500 കോടി! ഓൺലൈൻ മദ്യ വിൽപന സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ ബെവ്കോ എംഡി
തിരുവനന്തപുരം: കേരളത്തിൽ ഓൺലൈൻ മദ്യവിൽപനക്ക് സാധ്യതയെന്ന് സൂചന നൽകി ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി. ഓൺലൈൻ വിൽപ്പനയെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇത് സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഡി വ്യക്തമാക്കി. ഓൺലൈൻ വിൽപ്പന അനുവദിച്ചാൽ 500 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
നികുതി ഘടന മാറ്റണമെന്ന് ആവശ്യം:
സംസ്ഥാനത്തെ മദ്യവില വർധനവിനും ഉയർന്ന നികുതി നിരക്കിനും കാരണം നികുതി ഘടനയിലെ പ്രശ്നങ്ങളാണെന്ന് ഹർഷിത അട്ടല്ലൂരി ചൂണ്ടിക്കാട്ടി. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യവില. നിലവിൽ 400 ശതമാനം വരെ നികുതിയാണ് ഈടാക്കുന്നത്. നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വഴി വീര്യം കുറഞ്ഞ മദ്യങ്ങൾ വിൽക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് ധനവകുപ്പിൻ്റെ വരുമാനം കുറക്കില്ലെന്നും, 500 കോടിയുടെ അധിക വരുമാനം നേടാനാകുമെന്നും എംഡി വ്യക്തമാക്കി.
കുറഞ്ഞ ക്രൈം റേറ്റ്, കൂടുതൽ ലഭ്യത:
യുകെയിൽ കേരളത്തെക്കാൾ കൂടുതൽ മദ്യ ലഭ്യതയുണ്ടെങ്കിലും ക്രൈം റേറ്റ് വളരെ കുറവാണെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. മദ്യപാനമാണ് ക്രൈമിന് കാരണമെന്ന് പൂർണമായും പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിലെ അവസ്ഥയും വിമർശനങ്ങളും:
കേരളത്തിൽ ആവശ്യത്തിന് മദ്യവിൽപനശാലകൾ ഇല്ല. വീടിന് സമീപം മദ്യശാലകൾ ഉണ്ടാകുമെന്ന ആരോപണം കഴമ്പില്ലാത്തതാണെന്നും, ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങുന്നവർ വീട്ടിൽ കൊണ്ടുപോയാണ് മദ്യപിക്കുന്നതെന്നും അവർ വിശദീകരിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം ലഭിക്കുന്നില്ലെന്ന് പറയാൻ കഴിയില്ല. നിയമവിരുദ്ധമായി മദ്യം വാങ്ങുന്നതും വിൽക്കുന്നതും തടയേണ്ടത് എക്സൈസും പോലീസുമാണ്. ബെവ്കോ നിയമപരമായി ബിസിനസ് നടത്തുകയാണ്. കൂടുതൽ ലാഭം ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു