
തിരുവനന്തപുരം: ഓണം അടുത്തെത്തിയിട്ടും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിലെ അയ്യായിരത്തിലധികം ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കാതെ ദുരിതത്തിൽ. അധ്യയന വർഷം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം മുടങ്ങിയതോടെ ഇവരുടെ ഓണാഘോഷം പ്രതിസന്ധിയിലായി. പ്രത്യേക അലോട്ട്മെന്റ് ഇല്ലാതെ ശമ്പളം നൽകരുതെന്ന ധനവകുപ്പിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് ട്രഷറികൾ ശമ്പള ബില്ലുകൾ മടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
സ്കൂൾ അധ്യാപകർക്ക് സമാനമായ പ്രശ്നം നേരിട്ടപ്പോൾ, അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ധനവകുപ്പ് ഇളവ് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അലോട്ട്മെന്റ് ഇല്ലാതെ തന്നെ ഒക്ടോബർ വരെ ശമ്പളം നൽകാനായിരുന്നു സ്കൂൾ അധ്യാപകർക്ക് നൽകിയ അനുമതി. എന്നാൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ ഇളവ് നൽകാത്തത് കോളേജ് ഗസ്റ്റ് അധ്യാപകരോടുള്ള വിവേചനമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
തുച്ഛമായ വേതനം, അതും മുടങ്ങി
നെറ്റ് യോഗ്യതയുള്ളവർക്ക് 2200 രൂപയും അല്ലാത്തവർക്ക് 1800 രൂപയുമാണ് കോളേജ് ഗസ്റ്റ് അധ്യാപകരുടെ ദിവസവേതനം. മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് പ്രാദേശിക അവധികൾ വന്നാൽ ആ ദിവസങ്ങളിൽ ഇവർക്ക് വേതനമില്ല. ഇതുകാരണം പലരുടെയും പ്രതിമാസ വരുമാനം 30,000 രൂപയിൽ താഴെയാണ്. ഈ തുച്ഛമായ വരുമാനം പോലും മാസങ്ങളായി മുടങ്ങിയതോടെ നിത്യച്ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുകയാണ് പലരും.
അസംഘടിതരായതിനാൽ ഗസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ ശക്തമായ സംവിധാനങ്ങളില്ലാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. സ്കൂൾ അധ്യാപകർക്ക് നൽകിയ ഇളവ് തങ്ങൾക്കും നൽകി ഓണത്തിന് മുൻപ് ശമ്പളം ലഭ്യമാക്കണമെന്നാണ് ഗസ്റ്റ് അധ്യാപകരുടെ ആവശ്യം.