Cinema

മൈക്ക് താഴെ വെച്ച് ഇറങ്ങിപ്പോകാൻ ഒരു നിമിഷം മതി’; ആരാധകരോട് പൊട്ടിത്തെറിച്ച് ജൂനിയർ എൻടിആർ, വാർ 2 പ്രീ-റിലീസ് വേദിയിൽ നാടകീയ രംഗങ്ങൾ

ഹൈദരാബാദ്: ‘വാർ 2’ സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ ആരാധകരോട് ദേഷ്യപ്പെട്ട് ജൂനിയർ എൻടിആർ. താരത്തിൻ്റെ വാക്കുകൾക്കിടെ വലിയ ബഹളമുണ്ടാക്കിയ ആരാധകരോടാണ് എൻടിആർ തുറന്നടിച്ചത്. താൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ മൈക്ക് താഴെ വെച്ച് വേദി വിടാൻ ഒരു മടിയുമില്ലെന്ന് താരം പറഞ്ഞു. അതേസമയം, ഹൃത്വിക് റോഷനുമായി തനിക്കുള്ളത് സഹോദര ബന്ധമാണെന്നും എൻടിആർ വ്യക്തമാക്കി.

ചടങ്ങിൽ സംസാരിക്കുന്നതിനിടെ ബഹളമുണ്ടാക്കിയ ആരാധകരോടായിരുന്നു ജൂനിയർ എൻടിആറിൻ്റെ രൂക്ഷ പ്രതികരണം. “സഹോദരാ, ഞാൻ ഇറങ്ങിപ്പോകണോ? ഞാൻ ഇപ്പോൾ എന്താണ് പറഞ്ഞത്? ഞാൻ സംസാരിക്കുമ്പോൾ നിശബ്ദത പാലിക്കുക. മൈക്ക് താഴെ വെച്ച് വേദി വിടാൻ എനിക്കൊരു നിമിഷം മതി. ഞാൻ സംസാരിക്കട്ടേ? എങ്കിൽ നിശ്ശബ്ദമായിരിക്കുക,” – എൻടിആർ പറഞ്ഞു.

ഹൃത്വിക് റോഷനുമായി താൻ 75 ദിവസം ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ പലതും പഠിക്കാൻ സാധിച്ചുവെന്ന് എൻടിആർ പറഞ്ഞു. തനിക്കൊരു സഹോദരനെപ്പോലെ സ്വീകരിച്ചതിന് ഹൃത്വിക്കിന് നന്ദിയുണ്ട്. “തെക്കേ ഇന്ത്യയിൽ നിന്നുള്ള എനിക്ക് സ്വീകാര്യത ലഭിക്കുമോ എന്നൊരു ചെറിയ സംശയം ഓരോ തെന്നിന്ത്യക്കാരനുമുണ്ടാകും. തുറന്ന മനസ്സോടെ സ്വീകരിക്കുകയും ആദ്യ ദിവസം തന്നെ ആലിംഗനം നൽകുകയും ചെയ്തതിന് നന്ദി,” എൻടിആർ പറഞ്ഞു.

ഹൃത്വിക്കും എൻടിആറിന് സ്നേഹം തിരികെ നൽകി. താങ്കളിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചുവെന്ന് ഹൃത്വിക് പറഞ്ഞു. 25 വർഷത്തെ ഞങ്ങളുടെ യാത്രകൾക്ക് ഒരുപാട് സമാനതകളുണ്ട്. അതിമനോഹരമായ വർക്ക് എത്തിക്സുള്ള പ്രതിഭയാണ് എൻടിആർ. കോ-സ്റ്റാറുകളായി തുടങ്ങിയ ഞങ്ങൾ ഇപ്പോൾ സഹോദരങ്ങളെപ്പോലെയാണ്. എൻ്റെ സഹോദരനെ നിങ്ങൾ എപ്പോഴും സ്നേഹിക്കണം എന്നും ഹൃത്വിക് ആരാധകരോട് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്ന ‘വാർ 2’ അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. കിയാര അദ്വാനിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജനികാന്തിന്റെ ‘കൂലി’ എന്ന സിനിമയുമായിട്ടാണ് ‘വാർ 2’ ബോക്സ് ഓഫീസ് പോരാട്ടം നടത്തുന്നത്.