Cinema

ബോക്സ് ഓഫീസിൽ ‘കൂലി’ തരംഗം: രജനികാന്ത് ചിത്രം റിലീസിന് മുമ്പേ 50 കോടി കടന്നു!

രജനികാന്ത് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘കൂലി’ റിലീസിന് നാല് ദിവസം ബാക്കി നിൽക്കെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. അന്താരാഷ്ട്ര തലത്തിൽ മുൻകൂട്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലും കഴിഞ്ഞ വെള്ളിയാഴ്ച ബുക്കിംഗ് തുടങ്ങി. റിലീസിന് മുമ്പ് തന്നെ ‘കൂലി’ ലോകമെമ്പാടുമായി 50 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ നേടി ചരിത്രം കുറിച്ചു.

ഇന്ത്യയിൽ ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴാണ് ശക്തി പ്രാപിച്ചു വരുന്നതെങ്കിലും, റിലീസ് ദിനമാകുമ്പോഴേക്കും ഈ കളക്ഷൻ ഇരട്ടിയാകാൻ സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ഇതിനകം 5 മില്യൺ ഡോളർ (ഏകദേശം 42 കോടി രൂപ) കടന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ആദ്യ ദിനത്തിൽ മാത്രം 10 കോടി രൂപയുടെ ടിക്കറ്റുകളും മൊത്തത്തിൽ 14 കോടി രൂപയുടെ ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും (9.98 കോടി) തമിഴ് പതിപ്പിൽ നിന്നാണ്. തെലുങ്ക്, കന്നഡ പതിപ്പുകളും മികച്ച തുടക്കം നേടിയിട്ടുണ്ട്. ഹിന്ദി ഡബ്ബിന്റെ ബുക്കിംഗ് അല്പം പിന്നിലാണെങ്കിലും ഉടൻ തന്നെ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ.

രജനികാന്തിൻ്റ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടാൻ സാധ്യതയുള്ള ചിത്രമായി ‘കൂലി’ മാറുമെന്നാണ് നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. രജനികാന്ത്, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിലെത്തുന്നു എന്നതും പ്രത്യേകതയാണ്.