
തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു; ബി.ജെ.പി ആസൂത്രണം ചെയ്ത തട്ടിപ്പ് കേരളത്തിൽ തൃശൂരിലാണ് നടപ്പാക്കിയതെന്ന് വി.ഡി. സതീശൻ
തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടെന്നും, ഇത് ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന തട്ടിപ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒറ്റ മുറിയുള്ള വീട്ടിൽ 60 വോട്ടർമാരെ ചേർത്തതുപോലുള്ള ഗുരുതരമായ ക്രമക്കേടുകൾ തൃശൂരിലും നടന്നിട്ടുണ്ട്. ഇതിന്റെ മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലും മഹാരാഷ്ട്രയിലും ബി.ജെ.പി നടപ്പാക്കിയ വോട്ടർ പട്ടിക തട്ടിപ്പ് ഇപ്പോൾ കേരളത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പുലർത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ജാഗ്രത പുലർത്തിയാൽ ഈ തട്ടിപ്പുകൾ തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലെയും വോട്ടർ പട്ടിക പരിശോധിക്കാൻ കഴിയുന്ന സംവിധാനമുണ്ട്. തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടികയിൽ ഒരു വ്യാജ വോട്ട് പോലും ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും, ഇതിനായി വോട്ടർ പട്ടിക പുറത്തുവന്നാൽ ഒരാഴ്ച സമയം പരിശോധനയ്ക്കായി മാറ്റിവയ്ക്കുമെന്നും സതീശൻ അറിയിച്ചു. തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.