
സെക്രട്ടേറിയറ്റിൽ ഇനി എല്ലാ മാസവും പാമ്പ് പരിശോധന
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളപ്പിൽ തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. എല്ലാ മാസവും ആദ്യവാരം വനംവകുപ്പിന്റെ വിദഗ്ദ്ധരായ ‘സർപ്പ’ വാളന്റിയർമാർ സെക്രട്ടേറിയറ്റിൽ പരിശോധന നടത്തും. ജീവനക്കാർക്കിടയിൽ വർധിച്ചുവരുന്ന ഭീതി അകറ്റുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിലെ വനിതാ ജീവനക്കാരുടെ ശുചിമുറിയിൽ പാമ്പിനെ കണ്ടെത്തിയതോടെയാണ് അടിയന്തരമായി ഹൗസ് കീപ്പിംഗ് വിഭാഗം യോഗം ചേർന്ന് ഈ സുപ്രധാന തീരുമാനമെടുത്തത്. ശുചിമുറിയിൽ കണ്ട പാമ്പിനെ അന്നുതന്നെ പിടികൂടിയിരുന്നു. സെക്രട്ടേറിയറ്റിലെ പ്രധാന മന്ദിരം, രണ്ട് അനക്സുകൾ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
ഈ മാസം ആദ്യവാരം നടത്തിയ പരിശോധനയിലും ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരിശോധന എല്ലാ മാസവും കൃത്യമായി നടത്താൻ ധാരണയായത്. അടുത്ത മാസത്തെ ആദ്യവാരം ‘സർപ്പ’ വാളന്റിയർമാരുടെ സംഘം വീണ്ടും സെക്രട്ടേറിയറ്റിൽ പരിശോധനയ്ക്ക് എത്തും. സെക്രട്ടേറിയറ്റ് വളപ്പിലെ കാടുകൾ വെട്ടിത്തെളിക്കാനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.