
ക്ഷാമബത്ത മുഴുവനും നൽകി ഉമ്മൻ ചാണ്ടി; 10 ഗഡുക്കളിലായി നൽകിയത് 74% ക്ഷാമബത്ത
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സർക്കാർ സ്വീകരിച്ച സമീപനം ശ്രദ്ധേയമാകുന്നു. 2011-16 കാലഘട്ടത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ഗഡു ക്ഷാമബത്തയും ഉമ്മൻ ചാണ്ടി സർക്കാർ കൃത്യമായി അനുവദിച്ചിരുന്നു. ഇത് ജീവനക്കാർക്ക് 74 ശതമാനം ക്ഷാമബത്തയും പെൻഷൻകാർക്ക് സമാനമായ ക്ഷാമ ആശ്വാസവും ഉറപ്പാക്കി.
കേന്ദ്രസർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ ഉടൻ തന്നെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഇത് അനുവദിക്കുന്ന ശൈലിയാണ് അന്ന് ഉമ്മൻ ചാണ്ടി സർക്കാർ പിന്തുടർന്നത്. ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അനുവദിച്ചതിന് പുറമേ അതിന്റെ കുടിശ്ശികയും നൽകാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു.
പെൻഷൻകാർക്ക് കുടിശ്ശിക പണമായും ജീവനക്കാർക്ക് അവരുടെ പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നതുമാണ് അന്നത്തെ സർക്കാർ സ്വീകരിച്ച നയം.
എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും കുടിശ്ശിക അനുവദിച്ചിട്ടില്ല. ഇത് മൂലം ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നൽകിയ ക്ഷാമബത്ത ഗഡുക്കൾ താഴെ പറയുന്നവയാണ്:
- 2011 ജൂലൈയിലെ 7% ക്ഷാമബത്ത: 2011 നവംബറിൽ അനുവദിച്ചു.
- 2012 ജനുവരിയിലെ 7% ക്ഷാമബത്ത: 2012 ജൂണിൽ അനുവദിച്ചു.
- 2012 ജൂലൈയിലെ 7% ക്ഷാമബത്ത: 2012 നവംബറിൽ അനുവദിച്ചു.
- 2013 ജനുവരിയിലെ 8% ക്ഷാമബത്ത: 2013 മേയിൽ അനുവദിച്ചു.
- 2013 ജൂലൈയിലെ 10% ക്ഷാമബത്ത: 2013 ഡിസംബറിൽ അനുവദിച്ചു.
- 2014 ജനുവരിയിലെ 10% ക്ഷാമബത്ത: 2014 ജൂണിൽ അനുവദിച്ചു.
- 2014 ജൂലൈയിലെ 7% ക്ഷാമബത്ത: 2015 ഫെബ്രുവരിയിൽ അനുവദിച്ചു.
- 2015 ജനുവരിയിലെ 6% ക്ഷാമബത്ത: 2015 ഓഗസ്റ്റിൽ അനുവദിച്ചു.
- 2015 ജൂലൈയിലെ 6% ക്ഷാമബത്ത: 2015 നവംബറിൽ അനുവദിച്ചു.
- 2016 ജനുവരിയിലെ 6% ക്ഷാമബത്ത: 2016 ഏപ്രിൽ 30-ന് അനുവദിച്ചു.