Kerala Government NewsNews

പെൻഷൻ പ്രായം 60 ആക്കിയത് ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന്

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58-ൽ നിന്ന് 60 വയസ്സായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ധനകാര്യ വകുപ്പിന്റെ ശക്തമായ എതിർപ്പ് നിലനിൽക്കെ, 2025 ജൂലൈ 10-ന് ചേർന്ന മന്ത്രിസഭായോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി.

സ.ഉ.(കൈ) നം.34/2025/AHD എന്ന നമ്പറിൽ 2025 ജൂലൈ 19-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഇപിഎഫ് പെൻഷൻ പദ്ധതിക്ക് കീഴിലുള്ള ജീവനക്കാർക്ക് വിരമിക്കുമ്പോൾ മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

നോർക്ക റൂട്ട്സ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി-ആപ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നേരത്തെ പെൻഷൻ പ്രായം 60 ആക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്ന് കേരള ഫീഡ്‌സ് മാനേജ്മെന്റും ജീവനക്കാരുടെ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ധനവകുപ്പിനെ മറികടന്ന തീരുമാനം

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഈ ഘട്ടത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നത് ശരിയല്ലെന്നും ധനവകുപ്പ് മന്ത്രിസഭാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സമാന സ്വഭാവമുള്ള മറ്റ് സ്ഥാപനങ്ങളിൽ ഈ തീരുമാനം നേരത്തെ നടപ്പിലാക്കിയ പ്രത്യേക സാഹചര്യം പരിഗണിച്ച്, ധനവകുപ്പിന്റെ അഭിപ്രായം മറികടന്ന് പെൻഷൻ പ്രായം ഉയർത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

പ്രായം ഉയർത്തുന്നത് മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സ്ഥാപനത്തിന്റെ ആഭ്യന്തര വരുമാനത്തിൽ നിന്ന് കണ്ടെത്താനാകുമെന്നും, പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനം രണ്ട് വർഷം കൂടി ലഭിക്കുന്നത് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ അന്തിമ തീരുമാനത്തിലെത്തിയത്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q