NationalNews

എക്സ്-വൈസ് പ്രസിഡന്റ് എവിടെ? ജഗ്ദീപ് ധൻകർ ‘ലാപതാ’: ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടി വരുമോയെന്ന് കപിൽ സിബൽ

ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ കാണാനില്ലെന്ന് രാജ്യസഭാ എംപിയും മുൻ മന്ത്രിയുമായ കപിൽ സിബൽ. ധൻകറിൻ്റെ തിരോധാനത്തിൽ ആശങ്കയറിയിച്ചുകൊണ്ട്, ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടി വരുമോയെന്ന് അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.

മുൻ ബംഗാൾ ഗവർണറും ഉപരാഷ്ട്രപതിയും എന്ന നിലയിൽ പൊതുജീവിതത്തിൽ സജീവമായിരുന്ന ധൻകർ ജൂലൈ 21-ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ശേഷം പൊതുവേദികളിൽ നിന്നോ സമൂഹ മാധ്യമങ്ങളിൽ നിന്നോ അപ്രത്യക്ഷമായ പശ്ചാത്തലത്തിലാണ് സിബലിൻ്റെ ഈ പ്രതികരണം.ധൻകറുമായി സംസാരിക്കാൻ താൻ ശ്രമിച്ചിരുന്നെന്നും എന്നാൽ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും സിബൽ പറഞ്ഞു. മറ്റ് പല രാഷ്ട്രീയ നേതാക്കൾക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമ്മൾ എന്തു ചെയ്യണം? ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടി വരുമോ?’ എന്ന് സിബൽ ചോദിച്ചു.

സർക്കാരിനെ പരിഹസിച്ചുകൊണ്ട്, ധൻകർ തൻ്റെ ഭരണകാലം മുഴുവൻ സർക്കാരിനെ പിന്തുണച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് പ്രതിപക്ഷമായിരിക്കുമെന്നും സിബൽ പറഞ്ഞു. ‘അദ്ദേഹം എവിടെയാണ്? സുരക്ഷിതനാണോ? എന്തുകൊണ്ടാണ് ബന്ധപ്പെടാൻ സാധിക്കാത്തത്?’ എന്ന് എക്സിൽ സിബൽ കുറിച്ചു.

നേരത്തെ ‘ലാപതാ ലേഡീസ്’ എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ‘ലാപതാ വൈസ് പ്രസിഡന്റിനെ’ കുറിച്ച് കേട്ടിട്ടില്ലെന്ന് സിബൽ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് ധൻകറിന്റെ whereabouts അറിയാമായിരിക്കുമെന്നും അമിത് ഷാ ഇതിൽ ഒരു പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അദ്ദേഹം എവിടെയെങ്കിലും ചികിത്സയിലാണോ? അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്നം? ഇത്തരം കാര്യങ്ങൾ മറ്റ് രാജ്യങ്ങളിൽ മാത്രമേ കേട്ടിട്ടുള്ളൂ, എന്നാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ഇങ്ങനെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തിന് അറിയാൻ സാധിക്കണം’, സിബൽ പറഞ്ഞു.