
ചെന്നൈ: സ്വാതന്ത്ര്യ ദിനം പ്രമാണിച്ചുള്ള തുടർച്ചയായ അവധികൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരാൻ വെമ്പുന്ന ചെന്നൈയിലെ മലയാളികൾക്ക് റെയിൽവേയുടെ നടപടിയിൽ കടുത്ത നിരാശ. യാത്രത്തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ ചെന്നൈയിൽ നിന്ന് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചെങ്കിലും ഇവയെല്ലാം കേരള അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്നതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വെള്ളിയാഴ്ചയും തുടർന്ന് ശനി, ഞായർ ദിവസങ്ങളും വരുന്നതിനാൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സ്ഥിരം തീവണ്ടികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി ഓഗസ്റ്റ് 14-ന് ചെന്നൈ സെൻട്രലിൽ നിന്ന് പോത്തന്നൂരിലേക്കും എഗ്മോറിൽ നിന്ന് ചെങ്കോട്ടയിലേക്കും പ്രത്യേക തീവണ്ടികൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17-ന് ഈ സ്റ്റേഷനുകളിൽ നിന്ന് തിരികെയും സർവീസുണ്ട്.
എന്നാൽ, പാലക്കാടിന് സമീപമുള്ള പോത്തന്നൂർ വരെ വരുന്ന തീവണ്ടി എറണാകുളത്തേക്കോ പാലക്കാട്ടേക്കോ നീട്ടുക, കൊല്ലത്തിന് അടുത്തുള്ള ചെങ്കോട്ടയിൽ നിന്നുള്ള സർവീസ് കൊല്ലം വരെ എത്തിക്കുക, നാഗർകോവിലിൽ നിന്നുള്ള പ്രത്യേക സർവീസ് തിരുവനന്തപുരത്തേക്ക് ദീർഘിപ്പിക്കുക തുടങ്ങിയ യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങൾ റെയിൽവേ പരിഗണിച്ചിട്ടില്ല. ഏതാനും കിലോമീറ്ററുകൾ കൂടി ഓടിച്ചാൽ ആയിരക്കണക്കിന് മലയാളി യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്നിരിക്കെയാണ് റെയിൽവേയുടെ ഈ നടപടി.
അതേസമയം, യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ മംഗളൂരു – തിരുവനന്തപുരം, ബെംഗളൂരു – തിരുവനന്തപുരം റൂട്ടുകളിൽ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചെന്നൈ മേഖലയിലെ യാത്രക്കാർക്ക് ഇത് പ്രയോജനകരമല്ല. ഓഗസ്റ്റ് 14-ന് ചെന്നൈയിൽ നിന്ന് പാലക്കാട് വഴി തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പുതിയ പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്നും നിലവിലെ അതിർത്തി സർവീസുകൾ കേരളത്തിലേക്ക് അടിയന്തരമായി നീട്ടണമെന്നും വിവിധ മലയാളി യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.