Health

പ്രമേഹവും രക്തസമ്മർദ്ദവും നിശബ്ദ കൊലയാളികൾ; ഹൃദയത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളാണെന്ന് വിദഗ്ദ്ധർ. പലപ്പോഴും കാര്യമായ ലക്ഷണങ്ങൾ കാണിക്കാതെ മറ്റ് അവയവങ്ങളെക്കൂടി തകരാറിലാക്കാൻ സാധ്യതയുള്ളതുകൊണ്ട് ഇവയെ ‘നിശബ്ദ കൊലയാളികൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജീവിതചര്യയിലെ കൃത്യമായ മാറ്റങ്ങളിലൂടെയും വൈദ്യപരിശോധനയിലൂടെയും ഈ രോഗങ്ങളെ നിയന്ത്രിക്കാനാകും.

രക്തസമ്മർദ്ദം ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെ?

ഉയർന്ന രക്തസമ്മർദ്ദം കാരണം ഹൃദയത്തിന് കൂടുതൽ ശക്തിയിൽ രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഇത് ഹൃദയപേശികൾക്ക് കട്ടി കൂടാനും രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കാനും ബ്ലോക്കുകൾ ഉണ്ടാകാനും കാരണമാകുന്നു. നിയന്ത്രിച്ചില്ലെങ്കിൽ ഇത് തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളെയും സാരമായി ബാധിക്കുകയും അപ്രതീക്ഷിത മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും.

പ്രമേഹം എന്ന വില്ലൻ

ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത പ്രമേഹം വർധിപ്പിക്കുന്നു. പലപ്പോഴും നെഞ്ചുവേദന പോലെയുള്ള ലക്ഷണങ്ങൾ ഇല്ലാതെ സംഭവിക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്കിന്’ ഇത് കാരണമാകാമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രമേഹവും രക്തസമ്മർദ്ദവും ഒരുമിച്ച് വരുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ

  • ജീവിതശൈലി: മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ, പുകവലി, മദ്യപാനം എന്നിവ പൂർണ്ണമായി ഒഴിവാക്കുക.
  • ഭക്ഷണക്രമം: കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. പകരം, പ്രോട്ടീനും നാരുകളും ധാരാളമുള്ള ഭക്ഷണങ്ങൾ ശീലമാക്കുക.
  • വ്യായാമം: ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.
  • പരിശോധന: കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്തി പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുക, ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുക.