CricketSports

“21 തവണ പൂജ്യത്തിന് പുറത്തായാൽ മാത്രം നിന്നെ ടീമിൽ നിന്ന് ഒഴിവാക്കൂ”; സഞ്ജുവിലുള്ള ഗംഭീറിന്റെ വിശ്വാസം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തലുമായി മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായപ്പോൾ തകർന്ന തന്നെ വാക്കുകൾ കൊണ്ട് പ്രചോദിപ്പിച്ചത് കോച്ച് ഗൗതം ഗംഭീറാണെന്ന് സഞ്ജു പറഞ്ഞു. ആർ. അശ്വിനുമായുള്ള അഭിമുഖത്തിലാണ് സഞ്ജു ഇന്ത്യൻ ടീമിലെ അനുഭവങ്ങൾ പങ്കുവെച്ചത്.

2024-ലെ ട്വന്റി 20 ലോകകപ്പിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് സഞ്ജു തുടർച്ചയായി രണ്ട് മത്സരങ്ങളിലും റൺസെടുക്കാതെ പുറത്തായത്. ഇതോടെ, “രണ്ട് മത്സരങ്ങൾക്ക് ശേഷം വീണ്ടും ടീമിൽ നിന്ന് പുറത്താകുമോ” എന്ന് താൻ ആശങ്കപ്പെട്ടതായി സഞ്ജു പറഞ്ഞു. “ഡ്രസ്സിംഗ് റൂമിൽ വിഷാദിച്ചിരുന്ന എന്റെ അടുത്തേക്ക് ഗൗതം ഗംഭീർ വന്നു. രണ്ട് അവസരം കിട്ടിയിട്ടും സ്കോർ ചെയ്യാനായില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു”.

അപ്പോൾ ഗംഭീറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “അതിനെന്താ? 21 തവണ പൂജ്യത്തിന് പുറത്തായാൽ മാത്രമേ ഞാൻ നിന്നെ ടീമിൽ നിന്ന് ഒഴിവാക്കൂ”. ക്യാപ്റ്റനിൽ നിന്നും കോച്ചിൽ നിന്നും ലഭിക്കുന്ന ഇത്തരം വാക്കുകൾ ആത്മവിശ്വാസം വളരെയധികം വർധിപ്പിക്കുമെന്ന് സഞ്ജു കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ സൂര്യകുമാർ യാദവും തനിക്ക് വലിയ പിന്തുണ നൽകിയിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ട്വന്റി 20യിൽ ഓപ്പണറായി ഏഴ് മത്സരങ്ങളിൽ തുടർച്ചയായി അവസരം നൽകുമെന്ന് ദുലീപ് ട്രോഫിക്കിടെ സൂര്യകുമാർ യാദവ് തനിക്ക് ഉറപ്പ് നൽകിയിരുന്നതായും സഞ്ജു പറഞ്ഞു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ അവസരം ലഭിച്ച സഞ്ജു, രണ്ട് സെഞ്ച്വറികൾ നേടിക്കൊണ്ട് തന്നിലർപ്പിച്ച വിശ്വാസം കാത്തു.

അതേസമയം, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ടീം വിടാൻ സഞ്ജു ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തന്നെ ട്രേഡ് ചെയ്യുകയോ ലേലത്തിനായി റിലീസ് ചെയ്യുകയോ വേണമെന്ന് സഞ്ജു രാജസ്ഥാൻ മാനേജ്മെന്റിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തിരുന്നു.