News

വേതനം ഇരട്ടിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇനി ഉയർന്ന പ്രതിഫലം

ന്യൂഡൽഹി/തിരുവനന്തപുരം: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വേതനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വർധിപ്പിച്ചു. പ്രിസൈഡിങ് ഓഫീസർമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർക്ക് വരെ പ്രയോജനം ലഭിക്കുന്നതാണ് പുതിയ തീരുമാനം. തിരഞ്ഞെടുപ്പ് ജോലികളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ വർധന.

പുതിയ മാറ്റങ്ങൾ പ്രകാരം, പോളിങ് ബൂത്തിന്റെ പ്രധാന ചുമതലയുള്ള പ്രിസൈഡിങ് ഓഫീസർക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ കൗണ്ടിങ് സൂപ്പർവൈസർക്കുമുള്ള പ്രതിദിന മിനിമം വേതനം 350 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. ഇതോടെ ഇവർക്ക് ആകെ 2000 രൂപ വരെ പ്രതിഫലം ലഭിക്കും. പോളിങ് ഓഫീസർമാരുടെ പ്രതിദിന വേതനം 250 രൂപയിൽ നിന്ന് 400 രൂപയായും വർധിപ്പിച്ചു.

മൈക്രോ ഒബ്സർവർമാരുടെ പ്രതിഫലം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഇരട്ടിയാക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന എൻ.സി.സി കേഡറ്റുകൾക്കും സന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണ അലവൻസ് 150 രൂപയിൽ നിന്ന് 500 രൂപയായി കുത്തനെ കൂട്ടി. ക്ലാസ് ഫോർ ജീവനക്കാർക്ക് മുൻപ് പ്രതിദിനം 200 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി ഒറ്റത്തവണയായി 1000 രൂപ ലഭിക്കും.

ഫ്ലയിങ് സ്ക്വാഡ്, ചെലവ് നിരീക്ഷണം, കൺട്രോൾ റൂം, കോൾ സെന്റർ തുടങ്ങിയ വിവിധ സമിതികളിലെ ക്ലാസ് ഒന്ന്, രണ്ട് ജീവനക്കാർക്ക് 1200 രൂപയിൽ നിന്ന് 3000 രൂപയായും, ക്ലാസ് മൂന്ന് ജീവനക്കാർക്ക് 1000 രൂപയിൽ നിന്ന് 2000 രൂപയായും പ്രതിഫലം ഉയർത്തി. തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുള്ള കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളുടെ പ്രതിഫലത്തിലും വർധനവ് വരുത്തിയിട്ടുണ്ട്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q