News

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇനി വൈകും; എജി ഓഫീസുകളില്‍ ജീവനക്കാരെ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അന്തിമ അംഗീകാരം നൽകുന്ന അക്കൗണ്ടന്റ് ജനറൽ (എജി) ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കേരളത്തിലെ കോഴിക്കോട്, കോട്ടയം മേഖലാ ഓഫീസുകൾ പൂട്ടാൻ നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ ധനവിനിയോഗം ഓഡിറ്റ് ചെയ്യുന്ന സുപ്രധാന സ്ഥാപനത്തിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നതാണ് പുതിയ നടപടി.

എറണാകുളം, തൃശ്ശൂർ ഓഫീസുകളിൽ ഡെപ്യൂട്ടി എജി തസ്തിക ഉള്ളതിനാൽ തൽക്കാലം പൂട്ടലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മേഖലാ ഓഫീസുകളിലെ ജീവനക്കാരെ വെട്ടിക്കുറച്ച് എല്ലാ പ്രവർത്തനങ്ങളും തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുന്നതാണ് പുതിയ പരിഷ്കാരം. ഇതോടെ ഈ ഓഫീസുകളിലെ ഫയലുകളെല്ലാം തിരുവനന്തപുരത്തേക്ക് കൈമാറുകയാണ്. ഇത് ആസ്ഥാന ഓഫീസിൽ കടുത്ത ജോലിഭാരത്തിനും ഫയൽനീക്കം ഇഴയുന്നതിനും കാരണമായിട്ടുണ്ട്.

പിഎഫ്, പെൻഷൻ ആനുകൂല്യങ്ങൾ കുരുക്കിലാകും

സർക്കാർ ജീവനക്കാരുടെ ശമ്പള നിർണയം, പ്രൊവിഡന്റ് ഫണ്ടിൽ (പിഎഫ്) നിന്നുള്ള വായ്പ, വിരമിക്കുമ്പോൾ പിഎഫ് തുക പിൻവലിക്കൽ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അന്തിമ അംഗീകാരം നൽകേണ്ടത് എജിയാണ്. മേഖലാ ഓഫീസുകൾ പൂട്ടുന്നതോടെ ഈ സേവനങ്ങൾക്കായി ജീവനക്കാർ തലസ്ഥാനത്തേക്ക് ഫയലുകൾ അയക്കേണ്ടി വരും. ഇത് സാധാരണക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ വലിയ കാലതാമസമുണ്ടാക്കും.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) സംസ്ഥാനത്തെ പ്രതിനിധിയായാണ് എജി പ്രവർത്തിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിൽ എജി റിപ്പോർട്ടുകൾക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനത്തെ പല അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്നത് എജിയുടെ ഓഡിറ്റ് റിപ്പോർട്ടുകളിലൂടെയാണ്. മേഖലാ ഓഫീസുകൾ പൂട്ടുന്നത് ഈ പരിശോധനകളെ ദുർബലപ്പെടുത്തുമോ എന്ന ആശങ്കയും ശക്തമാണ്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q